നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം ഏറ്റെടുത്ത് നടത്താന്‍ ആളില്ല
ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ടേക്ക് ഓഫ് നീളുന്നു
ഇരിങ്ങാലക്കുട: ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ടേക്ക് ഓഫ് ആയില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തന്നെ ഉദ്ഘാടനം നിര്‍വഹിച്ച നഗരസഭയുടെ പൂതംക്കുളം ഷോപ്പിംഗ് കോംപ്ലക്സിന് അടുത്തുള്ള വഴിയോര വിശ്രമ കേന്ദ്രത്തിനാണ് ഈ ദുര്‍വിധി. മന്ത്രിയുടെ സൗകര്യം നോക്കി ഒക്ടോബര്‍ ആറിനാണ് ആദ്യം ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മന്ത്രിക്ക് എത്തിച്ചേരാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഡിസംബര്‍ നാലിലേക്ക് ഉദ്ഘാടനം മാറ്റുകയായിരുന്നു. എന്നാല്‍ നഗരസഭ നിശ്ചയിച്ച ലേല തുകയില്‍ വിശ്രമ കേന്ദ്രം എറ്റെടുത്ത് നടത്താന്‍ ആരും മുന്നോട്ട് വരാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ വിശ്രമ കേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കാന്‍ നഗരസഭ ഭരണകൂടത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ല. വഴിയോരങ്ങളില്‍ പൊതു ടോയ്ലറ്റുകള് അടങ്ങുന്ന വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇരിങ്ങാലക്കുട ഠാണാവില്‍ നഗരസഭ അധികൃതര്‍ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രം നിര്‍മ്മിച്ചത്. സംസ്ഥാന പാതയുടെ അരികില്‍ ആയത് കൊണ്ട് ദൂര യാത്രക്കാര്‍ക്ക് വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മ്മാണം. രണ്ട് നിലകളില്‍ ആയിട്ടുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ സ്ത്രീകള്‍ക്കായി മൂന്ന് ടോയ്ലറ്റുകളും ബാത്ത്റൂമും ഫീഡിംഗ് മുറിയും കഫറ്റേരിയയും മുകളില്‍ പുരുഷന്മാര്ക്ക് നാല് ടോയ്ലറ്റുകളും വിശ്രമമുറിയും ഒരുക്കിയിട്ടുണ്ട്. ഇരുപത് ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചിരിക്കുന്നത്. നടത്തിപ്പിനായി ഒരു വര്‍ഷത്തേക്ക് പത്തര ലക്ഷം രൂപ വാടക നിശ്ചിയിച്ച് ലേലം നടത്തിയെങ്കിലും ആരും എറ്റെടുത്തില്ല. ആദ്യ ലേലത്തില്‍ പത്തില്‍ അധികം പേര് എത്തിയെങ്കിലും കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ പുനര്‍ലേലത്തില്‍ ആരും തന്നെ എത്തിയില്ല. ആരും എറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ നഗരസഭ തന്നെ നടത്തുമെന്നും ഇത് സംബന്ധിച്ച് കൗണ്‍സില്‍ തീരുമാനിക്കുമെന്നാണ് നഗരസഭ അധികൃതര്‍ നല്കുന്ന വിശദീകരണം.