ഫാ. ജോയി പീനിക്കപറമ്പിലിന് ആദരം
ഇരിങ്ങാലക്കുട: ഇരുപത്തി മൂന്ന് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന ക്രൈസ്റ്റ് കോളജ് ഓട്ടോണോമസ് വൈസ് പ്രിന്‍സിപ്പലും ജിവിരാജാ അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫാ. ജോയി പീനിക്കപറമ്പില്‍ സിഎംഐയെ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ അധ്യാപക സമൂഹം ആദരിച്ചു. സ്റ്റാഫ് വെല്‍ഫെയര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐയും ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയി പയ്യപ്പിള്ളി സിഎംഐയും ചേര്‍ന്ന് ആദര സൂചകമായി പൊന്നാട അണിയിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണും വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണും ചേര്‍ന്ന് പ്രശംസാഫലകം കൈമാറി. കായിക പരിശീലനം, പരിസ്ഥിതി സംരക്ഷണം, മാനവ സേവനം എന്നിവയിലൂടെ സുസ്ഥിര സമൂഹത്തിന്റെ നിര്‍മിതിക്കായി ഫാ. ജോയി നല്കിയ സംഭാവനകള്‍ അതുല്യമാണെന്ന് ഫാ. ജോണ്‍ പാലിയേക്കര അഭിപ്രായപ്പെട്ടു. മറുപടി പ്രസംഗത്തിന് ശേഷം അക്കാദമിക് ഡോക്യുമെന്റേഷനെ കുറിച്ച് ഫാ. ജോയി അധ്യാപകര്‍ക്കായി ക്ലാസ് നയിച്ചു. അറുപതോളം അധ്യാപകര്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് അസോസിയേറ്റ് പ്രഫസര്‍ ഡോ. അരുണ്‍ അഗസ്റ്റിന്, നിതിന്‍ കെ.എസ്. ഹിങ്സ്റ്റന് സേവിയര്‍ എന്നിവര്‍ നേതൃത്വം നല്കി.