പൂമംഗലം പഞ്ചായത്ത് യോഗത്തില്‍നിന്ന് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി
അരിപ്പാലം: ബസ് കാത്തിരുപ്പുകേന്ദ്രം വ്യക്തിതാല്പര്യത്തിനുവേണ്ടി മാറ്റിസ്ഥാപിക്കുന്നുവെന്നാരോപിച്ച് ബിജെപി അംഗങ്ങള്‍ പൂമംഗലം പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. സുനില്‍കുമാര്‍ പട്ടിലപ്പുറം, സുമ അശോകന് എന്നിവരാണ് ഇറങ്ങിപ്പോയത്. അതേസമയം, അരിപ്പാലം ജങ്ഷന് വികസനത്തിന്റെ ഭാഗമായി റോഡ് വീതികൂട്ടുന്നതിനായാണ് വൈദ്യുതിക്കാലും ബസ് കാത്തിരുപ്പുകേന്ദ്രവും മാറ്റാന്‍ തീരുമാനിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു. പായമ്മല്‍ ക്ഷേത്രത്തിലേക്കും തിരിച്ച് മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തിലേക്കും പോകുന്ന വാഹനങ്ങള്‍ അരിപ്പാലം ജംഗ്ഷനിലെ വീതിക്കുറവുമൂലം ഒന്നിലേറെതവണ പിറകോട്ടെടുക്കണം തിരിച്ചുപോകാന്‍. ഈ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് പായമ്മല്‍ ക്ഷേത്രസമിതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മന്ത്രി ആര്. ബിന്ദു ജംഗ്ഷന് വികസനത്തിന് പത്ത് ലക്ഷം രൂപ തരാമെന്ന് അറിയിച്ചത്. ജംഗ്ഷനിലെ ബസ് കാത്തിരുപ്പുകേന്ദ്രം അല്പം മാറ്റി, രണ്ട് സ്റ്റോപ്പുകളാക്കി നിര്‍മിക്കാനാണ് പഞ്ചായത്ത് ആലോചിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.