തീര്‍ഥാടന പുണ്യം തേടി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക
വിശ്വാസികള്‍ അഴീക്കോട് മാര്‍തോമ തീര്‍ഥ കേന്ദ്രത്തിലേക്കു പദയാത്ര നടത്തി
ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെയും നോമ്പാചരണത്തിന്റെയും കരുത്തില്‍ കടുത്ത ചൂടിനെയും പൊള്ളുന്ന വെയിലിനെയും വക വെക്കാതെ മാര്‍തോമ സ്ലീഹായുടെ പാദസ്പര്‍ശമേറ്റ അഴീക്കോട് തീര്‍ഥകേന്ദ്രത്തിലേക്കു കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസികള്‍ നടത്തിയ പദയാത്ര ക്രൈസ്തവ വിശ്വാസ തീഷണതയുടെ സാക്ഷ്യമായി മാറി. നോമ്പിന്റെ ത്യാഗത്തെ അനുസ്മരിച്ചുകൊണ്ട് കൈകളില്‍ ജപമാലയും പേപ്പര്‍ പതാകയും കുരിശുമേന്തി ചുണ്ടില്‍ പ്രാര്‍ഥനകളുരുവിട്ടായിരുന്നു വിശ്വാസികള്‍ പദയാത്രയില്‍ അണിചേര്‍ന്നത്. രാവിലെ അഞ്ചിന് കത്തീഡ്രല്‍ അങ്കണത്തില്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് ജനറല്‍ കണ്‍വീനര്‍ സിജു പുത്തന്‍ വീട്ടിലിനു പേപ്പല്‍ പതാക കൈമാറികൊണ്ട് പദയാത്ര ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, ട്രസ്റ്റിമാരായ ഓ. എസ് ടോമി, ബാബു നെയ്യന്, ഷാജന് കണ്ടംകുളത്തി, ബിജുപോള്‍ അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ സെബി അക്കരക്കാരന്‍, ലിസ സിജു മണ്ടി, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപ്പുഴക്കാരന് എന്നിവര്‍ നേതൃത്വം നല്കി.