വിനോദിന് കരള്‍ പകുത്ത് നല്കാന് ഭാര്യ അജിതകുമാരി, ഇന്ന് ഓപ്പറേഷന് നടക്കും
ഇരിങ്ങാലക്കുട: കരള്‍രോഗ ബാധിതനായ നഗരസഭ 19-ാം വാര്‍ഡില്‍ താമസിക്കുന്ന പുല്ലിരിക്കല്‍ അയ്യപ്പക്കുട്ടി മകന് വിനോദിന് (50 ) വേണ്ടി ജനപ്രതിനിധികളും നാട്ടുകാരും ഒരേ മനസായി പ്രവര്‍ത്തിച്ചു. കരള്‍മാറ്റി വെയ്ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ കരള്‍ പകുത്ത് നല്കാന് ഭാര്യ അജിതകുമാരി തയ്യാറായി. എന്നാല്‍ ഓപ്പറേഷനുള്ള തുക കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സഹായ സമിതി രൂപികരിച്ചു. വാര്‍ഡ് കൗണ്‍സിര്‍ ഫെനി എബിന് വെളളാനിക്കാരന്‍ ചെയര്‍പേഴ്സനായും മിനി കാളിയങ്കര ജനറല്‍ കണ്‍വീനര്‍ ആയും, കണ്ണന് തണ്ടാശ്ശേരി ട്രഷററായും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാട്ടുകാരുടെ സഹകരണത്താല്‍ 19 ലക്ഷത്തോളം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. കൂടാതെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം സംസ്ഥാന സാമൂഹ്യ സുരക്ഷയുടെ സഹായം 15 ലക്ഷംരൂപ കൂടിയായപ്പോള്‍ 34 ലക്ഷം രൂപയോളം ലഭിച്ചു. സമിതി സമാഹരിച്ച തുക കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്ററുടെ സാന്നിദ്ധ്യത്തില്‍ വിനോദിന്റെ മകള്‍ ആര്‍ദ്രയ്ക്ക് സമിതി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ ചെക്ക് കൈമാറി. കണ്ണന് തണ്ടാശ്ശേരി, ജോളി എടപ്പിള്ളി, ഷാജു പാറേക്കാടന്‍, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ സംസാരിച്ചു. ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന് നടക്കും.