അധികൃതരുടെ അനാസ്ഥ; കാട്ടൂരില്‍ പുഴയോരത്ത് ആറുമാസമായി മാലിന്യ ചാക്കുകള്‍ കെട്ടികിടക്കുന്നു
കാട്ടൂര്‍: കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ കാട്ടൂര്‍ മാര്‍ക്കറ്റില്‍ നിന്നും പുഴയോരം ചേര്‍ന്ന് പോകുന്ന ജനശക്തി റോഡില്‍ ആറ് മാസക്കാലമായി പഴകിയ പ്ലാസ്റ്റിക് മാലിന്യം കെട്ടികിടക്കുന്നു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം ആരോപിച്ചു. ജനശക്തി റോഡില്‍ മാര്‍ക്കറ്റ് പരിസരത്ത് പുഴയുടെ ഒരുവശം ഇടിഞ്ഞതിനെ തുടര്‍ന്ന് അത് പൂര്‍വസ്ഥിതിയില്‍ ആകാന്‍ കൊണ്ടുവന്ന മണ്ണ് പഴകിയ പ്ലാസ്റ്റിക് മാലിന്യം കലര്‍ന്നതായിരുന്നു. ഇതില്‍ നിന്നും മണ്ണ് വേര്‍തിരിച്ചപ്പോള്‍ അവശേഷിച്ച മാലിന്യമാണിത്. തുടര്‍ന്ന് ഈ മണ്ണ് വീണ്ടും പ്ലാസ്റ്റിക് ചാക്കുകളില്‍ ആക്കി പുഴയുടെ വശത്ത് ഇട്ടു. അതിനുമുകളില്‍ മെറ്റല്‍പൊടി ഇട്ടിട്ടാണ് പുഴയുടെ വശം പഴയ സ്ഥിതിയില്‍ ആക്കിയത്. കനോലികനാലില്‍ നിന്നും വെറും 20 മീറ്റര്‍ അരികില്‍ ആറ് മാസക്കാലമായി ഈ പ്ലാസ്റ്റിക് മാലിന്യകൂമ്പാരം കിടക്കുന്നത് മഴ കനക്കുന്നതോട് കൂടി ഇത് പൂര്‍ണമായും ഒലിച്ചു പുഴയിലേക്കും, കാട്ടൂര്‍ മാര്‍ക്കറ്റിലേക്കും റോഡിലേക്കും വ്യാപിക്കും. അതുവഴി കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന് മാത്രം അല്ല കനോലി കനാല്‍ ഒഴുകുന്ന സമീപ പഞ്ചായത്തുകള്‍ക്കും പുഴയിലെ മറ്റു ജൈവ വൈവിധ്യങ്ങള്‍ക്കും ഇത് ഭീഷണിയാകുകയും ചെയ്യും. കഴിഞ്ഞ ദിവസം ഹെല്‍ത്ത് സ്ക്വാഡിന്റെ നേതൃത്വത്തില്‍ കാട്ടൂരിലെ കച്ചവട സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുകയും മാര്‍ക്കറ്റിലെ കച്ചവടക്കാരില്‍ നിന്നും പ്ലാസ്റ്റിക് ഉപയോഗിച്ചതിന്മേല്‍ വലിയ തുക പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഈ മാലിന്യകൂമ്പാരം ആറ് മാസക്കാലമായി കിടക്കുന്നത് ആരോഗ്യവിഭാഗം കണ്ടില്ലെന്ന് നടിക്കുന്നത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എത്രയും വേഗം ഈ പഴകിയ മാലിന്യകൂമ്പാരം നീക്കം ചെയ്യുകയും ഈ കെടുകാര്യസ്ഥതക്ക് നേതൃത്വം കൊടുത്ത പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ എന്നിവര്‍ക്കെതിരെ ജില്ലാ കളക്ടര്‍ നേരിട്ട് നടപടി എടുക്കുകയും മാതൃകാപരമായി പിഴ ഈടാക്കുകയും ചെയ്യണമെന്നും യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കാട്ടൂര്‍ ഗ്രാമപഞ്ചയത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് തുടക്കം കുറിക്കുമെന്ന് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം അറിയിച്ചു.