കൂടല്‍മാണിക്യം ഹരിതക്ഷേത്രമാക്കാന് പദ്ധതി; ജൈവമാലിന്യ സംസ്കരണത്തിന് പ്ലാന്റ് സജ്ജമാക്കും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രവും പരിസരവും മാലിന്യമുക്ത ഹരിതക്ഷേത്രമാക്കാന് പദ്ധതി. ക്ഷേത്രവും പരിസരവും മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കൂടല്‍മാണിക്യം ദേവസ്വം ശുചിത്വമിഷനും ഇരിങ്ങാലക്കുട നഗരസഭയുമായും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജൈവമാലിന്യസംസ്കരണത്തിന് തുമ്പൂര്‍മൊഴി മോഡല്‍ മാലിന്യസംസ്കരണ പ്ലാന്റ് സജ്ജമാക്കും. മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കേരള ശുചിത്വ മിഷനിലെയും ഇരിങ്ങാലക്കുട നഗരസഭാ ആരോഗ്യവിഭാഗത്തിലെയും ഉദ്യോഗസ്ഥരുമായി ദേവസ്വം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
തെക്കേ ഊട്ടുപുരയില്‍ ക്ഷേത്രത്തില്‍ ദിവസവും നടത്തുന്ന അന്നദാനത്തിനെത്തുടര്ന്ന് വരുന്ന ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാനാണ് തുമ്പൂര്‍മൊഴി മോഡല്‍ പ്ലാന്റ് സജ്ജമാക്കുന്നത്. ഇതിനായി അപേക്ഷ സമര്‍പ്പിച്ചാല്‍ തങ്ങളുടെ പദ്ധതിയായി പ്ലാന്റ് സ്ഥാപിക്കുമെന്ന് ദേവസ്വത്തിനോട് ശുചിത്വമിഷന് അറിയിച്ചു. കൂടല്‍മാണിക്യം ക്ഷേത്രം നില്ക്കുന്ന 12 ഏക്കറും പുറത്തുള്ള 16 ഏക്കറും വരുന്ന സ്ഥലങ്ങളില്‍ മാലിന്യം തള്ളരുതെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയാതെ സൂക്ഷിക്കാനുള്ള ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
2024 ഏപ്രില്‍ 21നു തുടങ്ങുന്ന ഉത്സവത്തിനു മുമ്പായി പ്ലാന്റടക്കമുള്ള എല്ലാ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കി ഹരിതക്ഷേത്രമാക്കാനാണ് യോഗം തീരുമാനിച്ചതെന്ന് ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പിന്നീട് പറഞ്ഞു. ദേവസ്വം ഓഫീസില്‍ നടന്ന യോഗത്തില്‍ ദേവസ്വം ഭരണസമിതി അംഗങ്ങള്‍, അഡ്മിനിസ്ട്രേറ്റര്‍ ഉഷാ നന്ദിനി, നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ജി. അനില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍, ശുചിത്വമിഷന് കോ ഓര്‍ഡിനേറ്റര്‍ അജിത്ത്, ശുചിത്വമിഷന് സ്പോക് പേഴ്സണ്‍ ഫിനി സുധീര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.