ഒടുവിൽ കരുവന്നൂര്‍ ബാങ്കിലെ നിക്ഷപകന് ജോഷിക്കു നേരിയ ആശ്വാസം, മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ച, ജോഷിയുടെ നിക്ഷപവും പലിശയും ബാങ്ക് തിരികെ നല്കി
ഇരിങ്ങാലക്കുട: ദയാവധത്തിന് ഹര്‍ജി നല്കിയ മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷി ആന്റണിക്കു കരുവന്നൂര്‍ ബാങ്കില്‍ നിന്നും നിക്ഷപതുക തിരികെ ലഭിച്ചു. ബാങ്ക് അധികൃതരുമായി മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഇന്നലെ രാത്രിയായാണ് 28 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചത്. ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും ജോഷി സമീപിച്ചിരുന്നു.
കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ടുതവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ അനുഭവിക്കേണ്ടി വന്നയാളാണ് 53കാരനായ ജോഷി. കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോള്‍ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമുണ്ടായില്ല. കുടുംബത്തിലെ ചെലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലായി. ദയാവധ ഹര്‍ജിയിലെ തിയതി ഇന്നലെ അവസാനിക്കുകയായിരുന്നു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം ജോഷിക്ക് പണം തിരികെ നല്കാന് സഹകരണമന്ത്രി വി.എന്‍. വാസവന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. മന്ത്രിയുടെ ഈ ഇടപ്പെടലുകളൊന്നും ഫലം കണ്ടില്ല. ഇന്നലെ വൈകീട്ട് ബാങ്ക് അടയ്ക്കുന്നതിനു മുമ്പ് നാലരയോടെ ജോഷി ബാങ്കിലെത്തി. നിക്ഷപകനായ ജോഷിക്കു പണം തിരികെ നല്കുവാന് മന്ത്രി നടത്തിയ ഇടപെടലുകളൊന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
ജോഷി തന്റെ നിക്ഷേപ തുക ആവശ്യപ്പെട്ടു. ഇതോടെ ബാങ്കില്‍ നിയമിക്കപ്പെട്ടീട്ടുള്ള കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ആര്. രാജേഷ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. ഇരിങ്ങാലക്കുട എസ്ഐ ഷാജന്, നഗരസഭ കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ജോഷിയുടെ പേരിലുള്ള നിക്ഷപതുക ഇപ്പോള്‍ നല്‍കാമെന്നും കുടുംബാംഗങ്ങളുടെ പേരിലുള്ള നിക്ഷപ തുക എന്നു തിരികെ നല്കാമെന്നുള്ളത് പിന്നീട് അറിയിക്കാമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞെങ്കിലും ജോഷി വഴങ്ങിയില്ല. മൂന്നു മാസത്തിനകം നല്‍കണമെന്നു ജോഷി ആവശ്യപ്പെട്ടു. ഏറെ നേരത്തെ ചര്‍ച്ചയ്ക്കു ശേഷം കുടുംബാംഗങ്ങളുടെ പേരിലുള്ള നിക്ഷേപതുക എന്നു നല്കാന് സാധിക്കുമെന്ന തീയതി ബുധനാഴ്ച അഡ്മിനിസ്ട്രേറ്റീവ് യോഗത്തിനു ശേഷം ജോഷിയെ അറിയിക്കാമെന്നു ധാരണയിലെത്തി. 60 ലക്ഷത്തോളം രൂപയാണ് പലിശയടക്കം ജോഷിയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ളത്.