കെട്ടിടം പൊളിച്ച് നീക്കണമെന്ന ഉത്തരവ് മാസങ്ങൾ പിന്നിട്ടിട്ടും നടപ്പിലായില്ല
ഇരിങ്ങാലക്കുട: വീടിനോടു ചേർന്നുള്ള അനധികൃത കെട്ടിട നിർമാണം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടു നഗരസഭ ഓഫീസിനു മുമ്പിൽ അധ്യാപികയുടെ നിരാഹാരസമരം. കുത്തുപറമ്പ് മഠത്തിൽ വീട്ടിൽ ഗീത മുരളീധരനാണു കഴിഞ്ഞ ദിവസം ആവശ്യം നേടിയെടുക്കാനായി സമരം നടത്തിയത്. രണ്ടു വീട്ടുകാരും ഉപയോഗിക്കുന്ന പൊതുകിണറിന്റെ മുകളിലൂടെ ഇരുമ്പ് ഗോവണി നിർമിച്ചിരിക്കുകയാണെന്നു ഗീത മുരളീധരൻ പറഞ്ഞു. ഇതു സംബന്ധിച്ച് ഈ വർഷം ഏപ്രിൽ 27 നു നഗരസഭയിൽ പരാതി നല്കിയിരുന്നു. തുടർന്ന് ആരോഗ്യവിഭാഗം നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെയ് എട്ടിനു 24 മണിക്കൂറിനകം അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്നും കിണറിനു മുകളിലൂടെയുള്ള ഗോവണി പൊളിച്ചു കളയണമെന്നും സെക്രട്ടറി ഉത്തരവിട്ടതായും ഗീത മുരളീധരൻ പറഞ്ഞു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഉത്തരവ് നടപ്പിലായിട്ടില്ലെന്നും ഇവർ പറഞ്ഞു. കിണർ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും കോവിഡ് കാലത്ത് കുടിവെള്ളം കിട്ടാത്ത അവസ്ഥയിലാണെന്നും ഇവർ പറഞ്ഞു. വൈകീട്ട് പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നം പരിഹരിക്കുകയായിരുന്നു. വെള്ളിയാഴ്ച അനധികൃത നിർമാണം പൊളിച്ചു നീക്കുമെന്നു പോലീസിനു ഉറപ്പു നൽകി.