നിര്‍ഫ് റാങ്കിംഗില്‍ മികവിന്റെ പൊന്‍തൂവലുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് ദേശീയതല കലാലയ റാങ്കിംഗില്‍ മികവിന്റെ തിളക്കം. ഇന്ത്യയിലെ കലാലയങ്ങളുടെ വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തില്‍ നിര്‍ഫ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രയിംവര്‍ക്ക്) നടത്തുന്ന റാങ്കിംഗില്‍ എണ്‍പത്തഞ്ചാം റാങ്കോടെയാണ് സെന്റ് ജോസഫ്സ് മിന്നും നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ പതിനായിരത്തി എണ്ണൂറിലധികം കലാലയങ്ങള്‍ മാറ്റുരയ്ക്കപ്പെട്ടതില് നിന്ന് ആദ്യ നൂറു സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട കേരളത്തിലെ പതിനാറ് കോളജുകളിലൊന്നാണിത് എന്നത് അഭിമാന നേട്ടമാണെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പറഞ്ഞു.
വിവിധവും സമഗ്രവുമായ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികളുടെ എണ്ണം, ഡോക്ടറേറ്റ് ഉള്ള അധ്യാപകര്‍, ഗവേഷണ പ്രബന്ധങ്ങളും ഗവേഷണ പ്രസിദ്ധീകരണങ്ങളും, ബിരുദകാലയളവിന് ശേഷമുള്ള വിദ്യാര്‍ഥികളുടെ പഠനപുരോഗതി, ലഭിച്ച തൊഴിലവസരങ്ങള്‍, അധ്യാപകരുടെ ഗവേഷണ പരിചയം, പരീക്ഷകളിലെ മികച്ച ഫലം, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കിയിടുള്ള സൗകര്യങ്ങള്‍, അക്കാദമിക് വിദഗ്ധര്‍ കോളജിനു നല്കുന്ന മാര്‍ക്ക് തുടങ്ങിയവയാണ് അതതു വര്‍ഷത്തെ ഗ്രേഡിങ്ങിനു പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍. കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി ഉന്നത വിദ്യാഭ്യാസ രംഗത്ത് തലപ്പൊക്കത്തോടെ നില്ക്കുന്ന സെന്റ് ജോസഫ്സ് കോളജിന് അക്കാദമിക് നിലവാരത്തില്‍ വിട്ടുവീഴ്ച്ചയില്ല.
ഇവിടുത്തെ അധ്യാപകര്‍ അന്തര്‍ദേശീയ ദേശീയ അക്കാദമിക് ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും പ്രസാധനം ചെയ്ത പുസ്തകങ്ങളും സെമിനാറുകളും മികവിന്റെ മുതല്‍ക്കൂട്ടായി. ദേശീയതലത്തില്‍ മികച്ചു നില്ക്കുന്ന സ്ഥാപനങ്ങളിലേക്ക് അവസാനവര്‍ഷ ബിരുദവിദ്യാര്ഥിനികള്ക്കു ക്യാംപസ് ഇന്റര്‍വ്യൂ വഴി കിട്ടിയ തൊഴിലവസരങ്ങളും ഐഡിയാത്തോണ്‍, എക്സിബിഷനുകള്‍, വിവിധ സെമിനാറുകള്‍ എന്നിവയും സെന്റ് ജോസഫ്സിന്റെ വിജയ വഴികളിലെ നാഴികക്കല്ലുകളായി. പരീക്ഷകള്‍ സമയബന്ധിതമായി നടത്തുകയും പത്തു ദിവസങ്ങള്‍ക്കകം ഫലപ്രഖ്യാപനം നടത്തുകയും ചെയ്യുന്നതില്‍ കോളജ് മാതൃകയാണ്. കലാരംഗത്തും കായിക രംഗത്തും മികവിന്റെ പുതു ഗാഥകള്‍ രചിച്ചു മുന്നേറുന്ന കോളജിന് പുത്തനുണര്‍വ്വു പകരുന്നതായി ഈ നേട്ടം.