നാട്ടിന്‍പുറത്തിന്റെ നന്മ അറിയിച്ച് പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡിന്റെ നാട്ടുത്സവം
പടിയൂര്‍: പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡിന്റെ ഗ്രാമോത്സവമായ നാട്ടുത്സവം ആഘോഷിച്ചു. പടിയൂര്‍ സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് മുഖ്യാതിഥിയായിരുന്നു. സിനിമാ താരം അനുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് അശോകന് എന്നിവര്‍ ആശംസപ്രസംഗം നടത്തി.
സംഘാടക സമിതി ചെയര്മാന് വാര്‍ഡ് മെമ്പര്‍ ടി.വി. വിബിന് സ്വാഗതം പറഞ്ഞു. ഗ്രാമോത്സവത്തോടനുബന്ധിച്ച് കോടംകുളം സെന്ററില്‍ നിന്നും വാദ്യമേളങ്ങളോടെയും കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും സമൂഹസദ്യയും വിവിധ കലാകായിക പരിപാടികളും ഉണ്ടായിരുന്നു. തുടര്‍ന്ന് സമ്മാനദാനവും നടന്നു. സംഘാടക സമിതി കണ്‍വീനര്‍ ശോഭന സുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു.