സംഗമഗ്രാമ മാധവന്റെ പെരുമ; ഗണിതസരണിയുടെ ഗവേഷണങ്ങള്‍ക്ക് രണ്ടു പതിറ്റാണ്ട് പിന്നിടുന്നു
ഇരിങ്ങാലക്കുട: ഭാരതത്തിലെ ഗണിത, ജ്യോതി ശാസ്ത്രജ്ഞനായിരുന്ന സംഗമഗ്രാമ മാധവനില്‍ തുടങ്ങി കേരളീയ ഗണിതസരണിയെക്കുറിച്ചുള്ള സമഗ്രമായ പൈതൃകപഠനമൊരുക്കുകയാണ് ലിറ്റി ചാക്കോ. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മലയാള വിഭാഗം അധ്യാപികയും പുരാരേഖാ ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് പ്രഫ. ലിറ്റി ചാക്കോ. കല്ലേറ്റുംകരയിലെ ഇരിങ്ങാടപ്പിള്ളി മനയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവര്‍ അലഞ്ഞുനടക്കുന്നുണ്ട്. മാധവനെ അടയാളപ്പെടുത്തുന്നതുപോലെത്തന്നെ കേരളീയഗണിതസരണിയെ മുഴുവനായും രേഖപ്പെടുത്തുകയാണ് സമഗ്രപഠനം നടത്തുന്നതിലെ ലക്ഷ്യം.
ഇതിനായി സംസ്കൃതവും ലിപിയും പൊടിതട്ടിയെടുത്ത്, താളിയോലകളുടെ പഠനത്തിലേക്ക് തിരിയുകയാണ് ആദ്യം ചെയ്തത്. മാധവനു മുമ്പും ശേഷവുമുള്ള പുന്നശേരി നമ്പിയും കെ.വി. ശര്‍മ വരെയുമുള്ള ഗണിതസരണിയിലെ ഏതാണ്ടെല്ലാവരുടേയും വിശദവിവരങ്ങള്‍ തേടി ഇവര്‍ നിരന്തരം അന്വേഷണം നടത്തുന്നു. ഇവരെല്ലാവരും ഗണിതജ്ഞര്‍ ആയിരുന്നില്ല. അതിനാല്‍ പല പഴയ ശാസ്ത്ര പാരമ്പര്യമുള്ള ഇടങ്ങളിലും ഇവരെ തേടേണ്ടതുണ്ട് എന്ന് ടീച്ചര്‍ പറയും.
ഇവരില്‍ പലരുടെയും കാലഘട്ടങ്ങള്‍ പോലും ഊഹിച്ചെടുക്കുകയാണ്, ഈ മേഖലയില്‍ ഏറ്റവുമധികം ഗവേഷണം നടത്തിയിട്ടുള്ള പ്രഫ.കെ.വി. ശര്‍മ ചെയ്തിട്ടുള്ളത് എന്നതാണ് പഠനത്തിന്റെ പ്രധാന വെല്ലുവിളി. ജ്യോതിശാസ്ത്രം, ആയുര്‍വേദം, തച്ചുശാസ്ത്രം, തന്ത്രം തുടങ്ങി നിരവധിയായ വിഷയങ്ങളല് പ്രഗല്ഭരായിരുന്നു ഇവരില്‍ പലരും. പലരുടേയും കൃതികള്‍ സമാഹരിച്ചു. അനന്തശ്രേണി സിദ്ധാന്തങ്ങള്‍, പൈ, കലനശാസ്ത്രം അഥവാ കാല്‍ക്കുലസ് തുടങ്ങിയ ഗണിതപ്രശ്നങ്ങള്‍ മാധവനില്‍ തുടങ്ങി, ശിഷ്യരിലൂടെ പൂര്‍ത്തിയാകുന്ന പൈതൃക വഴികള്‍ അടയാളപ്പെടുത്തി.
ഗ്രഹങ്ങളുടെ സ്ഥാനനിര്‍ണയം, സമയവ്യത്യാസം തുടങ്ങിയ പ്രശ്നങ്ങളില്‍ മാധവനോടൊപ്പം സംഭാവന നല്കിയ ശിഷ്യരാണ് നീലകണ്ഠ സോമയാജി, വടശേരി പരമേശ്വരന് നമ്പൂതിരി തുടങ്ങിയവര്‍. അരനൂറ്റാണ്ടോളം ഗ്രഹണങ്ങളെ നിരീക്ഷിച്ചുകൊണ്ടാണ് ദൃഗ്ഗണിതം രചിക്കുന്നത്. ഇങ്ങനെയുള്ള ഓരോ സ്പോട്ടുകളും സമഗ്രമായി വിശകലനം ചെയ്യുന്ന പഠനമാണ് ടീച്ചറുടേത്.
ഒരു പ്രളയകാലത്ത്…
2018 ലെ പ്രളയം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി ആളുകള്‍ നെട്ടോട്ടം ഓടുന്ന കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ലിറ്റി ടീച്ചറുടെ ലാബിനെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റന്‍ നിര്‍ബ്ബന്ധിതമാക്കിയ ഒരു സാഹചര്യം സൃഷ്ടിച്ചു. അങ്ങനെ 2019 ലെ പ്രളയാവര്ത്തനത്തില് വെറുതേ ഒരു വാട്സാപ് മെസേജ് ആദ്യം എഴുതിയിട്ടു. നിങ്ങളുടെ കൈയ്യില്‍ നനഞ്ഞ രേഖകള്‍ ഉണ്ടെങ്കില്‍ തരൂ ഞങ്ങള്‍ അത് സംരക്ഷിച്ചുതരാം. കോളജിലെ ലാബും സൗകര്യങ്ങളും മുഴുവനും അന്ന് ഉപയോഗപ്പെടുത്തിയിരുന്നു. പ്രളയത്തില്‍ ദുരിതമനുഭവിച്ച ഒരു ബാങ്ക്, സ്കൂളുകള്‍, ഓഫീസുകള്‍, വ്യക്തികള്‍ തുടങ്ങി പല തലങ്ങളില്‍ നിന്നാണ് ഡോക്യുമെന്റ്സ് ടീച്ചറുടെ ലബോറട്ടറിയില്‍ എത്തിയത്. ഇതൊക്കെ പ്രസര്‍വ് ചെയ്യാന്‍ കോളജിലെ മാനുസ്ക്രിപ്റ്റ് മാനേജ്മെന്റ് പഠിക്കുന്ന കുട്ടികളെ തയ്യാറാക്കി. ഒരു വമ്പന്‍ സന്നാഹമൊരുക്കിയാണ് അന്ന് ലക്ഷക്കണക്കിനു വരുന്ന രേഖകള്‍ ഇവര്‍ സംരക്ഷിച്ചു നല്‍കിയത്.
താളിയോലയിലെ കണക്കുകള്‍
നിരന്തര പരിചയം ഉള്ളവര്‍ക്കേ ഒരു ഓലയിലെ ഉള്ളടക്കം വായിക്കാനാവൂ. ചില പരിചിത പദസംഹിതകള് ഈ ഓലകളെ വളരെ പെട്ടെന്ന് തിരിച്ചറിയിച്ചു തരും. അതിന്, മലയാളവും സംസ്കൃതവും കൂടാതെ പുരാലിപികള് കൂടി അറിയണം. മാധവന്റെ ലഗ്നപ്രകരണം എന്ന ഗ്രന്ഥം രണ്ടിടത്തായാണ് ടീച്ചര്‍ കണ്ടെത്തിയത്. ആദ്യം, തൃപ്പുണിത്തുറ ഗ്രന്ഥപ്പുരയില്‍ ഒരു കീറിപ്പറിഞ്ഞു മഷിപടര്ന്നനോട്ടുപുസ്തകത്തിലെഴുതിയ വരികളില്‍.
പിന്നെ ഏതാനും താളിയോലക്കഷണങ്ങളില്. ഇതൊക്കെ കൂടി ഒത്ത് ചേര്‍ത്തുവെച്ചാണ് ലഗ്നപ്രകരണം, വേണ്വാരോഹം എന്നീ കൃതികള്‍ സമാഹരിച്ചു കൊണ്ട് ടീച്ചറുടെ ആദ്യപുസ്തകം പുറത്തിറങ്ങിയത്. യുജിസിയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സവിശേഷ മേല്‍നോട്ടത്തില്‍ സംഗമഗ്രാമമാധവന്റെ രണ്ടു കൃതികള്‍ എന്ന പേരില്‍ എന്‍ബിടി അത് പ്രസിദ്ധീകരിച്ചു.
വട്ടെഴുത്തിലും ഗ്രന്ഥലിപിയിലും ഉള്ള രണ്ടു ലിഖിതങ്ങള്‍ ഇരിങ്ങാടപ്പിള്ളി മനയില്‍ നിന്നും കണ്ടെടുത്ത് പ്രിസര്‍വ് ചെയ്യാന്‍ കഴിഞ്ഞത് ടീച്ചറുടെ ഗവേഷണ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. 12-ാം നൂറ്റാണ്ടിലേയും 17-ാം നൂറ്റാണ്ടിലേയും രേഖകളാണവ. മനയുടെ പേരായ ഇരിങ്ങാടപ്പിള്ളി എന്നത് രണ്ടു രേഖയിലും കാണാം. 12-ാം നൂറ്റാണ്ടില്‍ ഇരിങ്ങാട്ടിടപ്പിള്ളി എന്നും 17ാം നൂറ്റാണ്ടില്‍ ഇരിങ്ങാടപ്പിള്ളി എന്നും കൃത്യമായി ഈ രേഖയില്‍ ഉണ്ട്. മാധവന്റെ പുസ്തകത്തിലും ഇലഞ്ഞിപ്പള്ളി എന്ന വിശേഷണമാണ് ഉള്ളത്.
2023 ല്‍ എന്‍ഇപിയുടെ ഡല്‍ഹിയില്‍ വച്ച നടന്ന മൂന്നാമത്തെ വാര്‍ഷികത്തില്‍ യുജിസിയുടെ പവലിയനില്‍ പുരാരേഖ ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും മാധവന്റെ ഗവേഷണവും വതരിപ്പിക്കാന്‍ ലിറ്റി ടീച്ചര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. നിരവധി ശ്രദ്ധേയമായ വേദികളില്‍ ഇതിനോടകം ടീച്ചര്‍ തന്റെ ഗവേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഈയടുത്ത് പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന അവതരണമാണ് ഇതില്‍ അവസാനത്തേത്.