വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: അബുദാബിയില്‍ ഷിപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കിയ കേസില്‍ കല്ലൂര്‍ സ്വദേശി അരണാട്ടുകരക്കാരന്‍ ബാബുവിനെ (50) അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവരുടെ സംഘമാണ് പിടി കൂടിയത്. 2022 നവംബര്‍ മുതല്‍ 2023 ജനുവരി വരെ ആറ് ലക്ഷം രൂപ ഇയാള്‍ പരാതിക്കാരനില്‍ നിന്നു കൈപ്പറ്റിയിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശി അതുല്‍ കൃഷ്ണക്കും സഹോദരി ഭര്‍ത്താവിനും ആണ് ഇയാള്‍ ഷിപ്പില്‍ ജോലി വാഗ്ദാനം നല്‍കിയിരുന്നത്.
പിന്നീട് ഓരോ കാരണങ്ങള്‍ പറഞ്ഞ് സമയം നീട്ടിക്കൊണ്ട് പോയി. എന്നാല്‍ ചതിയാണെന്നു മനസിലായതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതോടെ പണം തിരിച്ചു തരാമെന്നു പറഞ്ഞ് പലവട്ടം പറ്റിച്ചു. പരാതിപ്പെട്ടതോടെ പലവിധ കാരണങ്ങള്‍ തടസങ്ങളായി പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച ഇയാള്‍ ഓരോ സമയത്ത് ഓരോ കാരണങ്ങള്‍ പറഞ്ഞാണ് സമയം നീട്ടിക്കൊണ്ട് പോയിരുന്നത്. പുതുക്കാട് ചെങ്ങാലൂര്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എസ്ഐ സി.എം. ക്ലീറ്റസ്, പ്രബേഷന്‍ എസ്ഐ സി.പി. ജിജേഷ്, സീനയര്‍ സിപിഒമാരായ ഇ.എസ്. ജീവന്, എം. ഷംനാദ്, സിപിഒമാരായ കെ.എസ്. ഉമേഷ്, എം.എം. ഷാബു എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.