മികച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോക്കു സമ്മാനിച്ചു
ആളൂര്‍: കേരള യൂത്ത് ഗൈഡന്‍സ് മൂവ്മെന്റ് എറണാകുളം എന്ന ചാരിറ്റി സംഘടന ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോക്കു തൃശൂര്‍ ജില്ലയിലെ മികച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി മൊമെന്റോ യും 25000 രൂപ ക്യാഷ് അവാര്‍ഡും നല്കി അനുമോദിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂകാടന് മുഖ്യാതിഥി ആയിരുന്നു. യൂത്ത് ഗൈഡന്‍സ് മൂവ്മെന്റ് സെക്രട്ടറി സേവ്യര്‍ പാലാട്ടി, മുന്‍ ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി, കല്ലേറ്റുംകര ജുമാ മസ്ജിദ് ഇമാം കുഞ്ഞുമുഹമ്മദ്, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു, ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോസ് മാഞ്ഞൂരാന്, സിപിഎം മാള ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ്, സിപിഐ പ്രതിനിധി എം.ബി. ലത്തീഫ്, യൂത്ത് ഗൈഡന്‍സ് പ്രഥമ അവാര്‍ഡ് ജേതാവായ ടി.പി. വേണു, എസ്എന്‍ഡിപി കൊടകര യൂണിയന് സെക്രട്ടറി കെ.ആര്. ദിനേശന്, സംഘാടക സമിതി കണ്‍വീനര്‍ കെ.ബി. സുനില്‍ എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാവ് കെ.ആര്. ജോജോ മറുപടി പ്രസംഗം നടത്തി.