അനുമതിയില്ലാതെ മണ്ണെടുപ്പ്, വിവാദമായപ്പോള്‍ ലേലതുക ഈടാക്കാന്‍ തീരുമാനം
![](https://irinjalakuda.news/wp-content/uploads/2025/02/velookara-mannu-1024x497.jpg)
വേളൂക്കര പഞ്ചായത്തില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നും മണ്ണ് നീക്കം ചെയ്ത ശേഷം റോഡു പണിക്കായുള്ള മെറ്റല്‍ നിക്ഷേപിച്ച നിലയില്‍.
കോണ്‍ഗ്രസ് അംഗത്തിന്റെ നിര്‍ദേശത്തെ ബിജെപി, സിപിഐ പ്രതിനിധികള്‍ പിന്തുണച്ചു
വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രസിഡന്റ്
ഇരിങ്ങാലക്കുട: പഞ്ചായത്തിന്റെ പൊതുസ്ഥലത്ത് സൂക്ഷിച്ചിരുന്ന മണ്ണ് അനുമതി ഇല്ലാതെ നീക്കം ചെയ്തത് വിവാദമായി. വേളൂക്കര പഞ്ചായത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന 15ാം വാര്‍ഡിലെ ആക്കപ്പിള്ളി പൊക്കത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മണ്ണ് സൂക്ഷിച്ചിരുന്നത്. പഞ്ചായത്തിന്റെ തന്നെ ഷോപ്പിംഗ് കോപ്ലക്സ് നിര്‍മാണവേളയില്‍ നീക്കം ചെയ്തതും വിവിധ തോടുകള്‍ വൃത്തിയാക്കിയപ്പോള്‍ എടുത്തുമാറ്റിയതുമായ മണ്ണായിരുന്നു ഇത്.
അഞ്ചു വര്‍ഷത്തോളമായി ഇവിടെ ഈ മണ്ണ് ഇവിടെ സൂക്ഷിച്ചുവരികയായിരുന്നു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം കൊറ്റനെല്ലൂര്‍ കുറുപ്പംപടി ജംഗ്ഷന് മുതല്‍ പട്ടേപ്പാടം, കരുവാപ്പടി വരെ റോഡ് നിര്‍മാണം നടക്കുകയാണ്. റോഡ് പണിക്കായി കുറച്ച് മണ്ണ് വേണമെന്ന് കരാറുകാരന് പഞ്ചായത്തംഗങ്ങളായ ചിലരോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്കെടുക്കുകയോ അനുമതി നല്‍കുകയോ ഉണ്ടായിരുന്നില്ല.
എന്നാല്‍, പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ മണ്ണ് നീക്കം ചെയ്യുകയായിരുന്നു. മണ്ണ് നീക്കം ചെയ്ത സംഭവം കോണ്‍ഗ്രസ് പ്രതിനിധിയായ ബിബിന്‍ തുടിയത്ത് പഞ്ചായത്ത് യോഗത്തില്‍ അവതരിപ്പിച്ചു. അതോടെയാണ് പഞ്ചായത്തിലെ മറ്റു പല അംഗങ്ങളും ഈ വിഷയം അറിയുന്നത്. യോഗത്തില്‍ ബിജെപി അംഗം അജിത ബിനോയ്, സിപിഐ അംഗം പി.എം. ഗാവരോഷ് എന്നിവരും വിജിലന്‍സ് അന്വേണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് കെ.എസ്. ധനീഷ് വിജിലന്‍സ് അന്വേഷണം വേണമെന്ന നിലപാടെടുത്തു.
ഏറെ വാദ പ്രതിവാദങ്ങള്‍ക്കു ശേഷം ഭരണസമിതിയുടെ കാലാവധി തീരാറായ സമയത്ത് വിജിലന്‍സ് അന്വേഷണം വേണ്ടെന്നും പൊതു സ്ഥലത്തു നിന്നും നീക്കം ചെയ്ത മണ്ണ് അളന്ന് തിട്ടപ്പെടുത്തി അളവനുസരിച്ചുള്ള തുക കരാറുകാരനില്‍ നിന്നും അടപ്പിക്കാനും ധാരണയായി. പൊതുസ്ഥലത്തെ മണ്ണ് നീക്കം ചെയ്തതിനു ശേഷം അവിടെ റോഡു പണിയാനുള്ള മെറ്റല്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഏഴു ലക്ഷം രൂപ വിലമതിക്കുന്ന 130 ഓളം ലോഡ് മണ്ണ് നീക്കം ചെയ്തതായാണ് ആരോപിക്കുന്നത് നീക്കം ചെയ്ത മണ്ണിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നതിനായി പഞ്ചായത്തിലെ എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തിന് നഷ്ടം ഉണ്ടാകരുത്, കെ.എസ്. ധനീഷ് (പഞ്ചായത്ത് പ്രസിഡന്റ്)
ഒന്നും മറച്ചുവെക്കാനില്ല, അനുമതിയില്ലാതെ മണ്ണെടുത്തതില്‍ വിജിലന്‍സ് അന്വേഷണം വേണം. പഞ്ചായത്തിന് നഷ്ടം ഉണ്ടാക്കുവാന്‍ ആരെയും അനുവദിക്കില്ല.
വിജിലന്‍സ് അന്വേഷണം അനിവാര്യം, ബിബിന്‍ തുടിയത്ത് (പഞ്ചായത്തംഗം)
കരാറുകാരന് നീക്കം ചെയ്ത മണ്ണിന്റെ അളവിനെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അഴിമതി നടന്നിട്ടുണ്ട്. അതിനാല്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകണം.