കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവിനെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ വീണ്ടും കര്‍ശനമാക്കി
കോവിഡ് പ്രതിരോധ നടപടികള്‍ വീണ്ടും കര്‍ശനമാക്കി പോലീസ്; നടപടികള്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവിനെ തുടര്‍ന്ന്
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ നടപടികള്‍ വീണ്ടും കര്‍ശനമാക്കി പോലീസ്. സംസ്ഥാനത്തും ജില്ലയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്താണു പരിശോധനകള്‍ കര്ശനമാക്കുന്നതെന്നു ഡിവൈഎസ്പി ടി.ആര്. രാജേഷ് പറഞ്ഞു. മാസ്കുകളും സാമൂഹിക അകലവും സാനിറ്റൈസര്‍ ഉപയോഗവും ഉറപ്പു വരുത്താന്‍ പോലീസ് പ്രത്യേക പരിശോധനകള്‍ നടത്തും. ആവശ്യമെങ്കില്‍ കോവിഡ് ചട്ടലംഘനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഡിവൈഎസ്പി അറിയിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണു ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചത്. യാത്രക്കാരോടും ബസ് ജീവനക്കാരോടും കോവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണു ഡിവൈഎസ്പി ടി.ആര്. രാജേഷ്, സിഐ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മടങ്ങിയത്. ഫെബ്രുവരി 10 വരെ പരിശോധനകള്‍ തുടരുമെന്നും പോലീസ് മേധാവികള്‍ അറിയിച്ചു.