പൊറത്തിശേരിയില്‍ വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം-ക്വട്ടേഷന്‍ സംഘങ്ങളാണെന്നു സംശയം
ഇരിങ്ങാലക്കുട: പൊറത്തിശേരിയില്‍ വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം. നഗരസഭ വാര്‍ഡ് 36 ല്‍ നിര്‍മിതി കോളനിയില്‍ കൊളത്തൂര്‍ പ്രദീപിന്റെ വീടിനു നേരെയാണു ആക്രമണം നടന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണു സംഭവമെന്നു പ്രദീപ് പറഞ്ഞു. പ്രദീപിന്റെ ഭാര്യ സുരേഖ, മകനും ഓട്ടോ ഡ്രൈവറുമായ രാഹുല്‍ എന്നിവരുമാണു വീട്ടിലുണ്ടായിരുന്നത്. രാഹുല്‍ ഓടിക്കുന്ന ഓട്ടോറിക്ഷയ്ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. നിര്‍മിതി കോളനിയില്‍ തന്നെ രാഹുലിന്റെ സുഹൃത്തായ ചാലിയപ്പുറത്ത് മൃദുലിന്റെ ഓട്ടോറിക്ഷയ്ക്കും അക്രമികള്‍ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ മൃദുലിന്റെ സുഹൃത്തിന്റെ വീട്ടിലാണു വണ്ടി ഇട്ടിരുന്നത്. പോസ്റ്റോഫീസിനു സമീപമുള്ള ഓട്ടോ പേട്ടയിലും ഠാണാവിലെ പേട്ടയിലുമായിട്ടാണു സുഹൃത്തുക്കളായ രാഹുലും മൃദുലും വണ്ടി ഓടിക്കുന്നത്. ആക്രമണത്തിനു മുമ്പായി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ ബൈക്കില്‍ എത്തിയ സംഘം രാഹുലിന്റെ വീട് അന്വേഷിച്ചതായി വിവരം ലഭിച്ചതായി പ്രദീപ് പറഞ്ഞു. കാട്ടൂര്‍ സ്വദേശിയായ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടവരാണു അക്രമത്തിനു പിന്നിലെന്നു സംശയമുണ്ട്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.