പെന്ഷന് വിതരണത്തില്‍നിന്ന് കരുവന്നൂര്‍ ബാങ്കിനെ ഒഴിവാക്കണം-കോണ്‍ഗ്രസ്
പൊറത്തിശേരി: തട്ടിപ്പിനെത്തുടര്‍ന്ന് സാമ്പത്തികസ്ഥിതി ബുദ്ധിമുട്ടിലായ കരുവന്നൂര്‍ സഹകരണബാങ്കിനെ സാമൂഹികക്ഷേമ പെന്ഷന് വിതരണം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ പൊറത്തിശേരി മേഖലകളില്‍ (20 വാര്‍ഡില്‍) ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത് കരുവന്നൂര്‍ ബാങ്കാണ്. എന്നാല്‍, ബാങ്ക് അധികൃതര്‍ നടത്തിയ കോടികളുടെ തട്ടിപ്പിനെത്തുടര്‍ന്ന് ഇടപാടുകാര്‍ക്ക് അവരുടെ നിക്ഷേപം തിരികെ കൊടുക്കുവാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. അതിനാല്‍ ബാങ്ക് പൂര്‍വ അവസ്ഥയില്‍ ആകുന്നതുവരെ കരുവന്നൂര്‍ ബാങ്ക് നടത്തിവന്ന പെന്ഷന് വിതരണം മുനിസിപ്പല്‍ പരിധിയിലുള്ള മറ്റേതെങ്കിലും സഹകരണബാങ്കിനെ ഏല്‍പ്പിക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തളിയക്കോണം പഞ്ചായത്ത് കിണറിനു സമീപം ചേര്‍ന്ന സായാഹ്നധര്‍ണ മഹിളാ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിനി ഉദ്ഘാടനം ചെയ്തു. സിന്ധു അജയന് അധ്യക്ഷത വഹിച്ചു. ആന്റോ പെരുമ്പുള്ളി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.എന്‍. സുരേഷ്, ശിവരാമന്നായര്, രഘുനാഥ് കണ്ണാട്ട്, സന്തോഷ് വില്ലടം, എം.എസ്. സന്തോഷ്, ഷാന്റോ പള്ളിത്തറ, സുബീഷ് കാക്കനാടന്, ടി.വി. ബിജോയ് എന്നിവര്‍ നേതൃത്വം നല്കി.