തുടര്‍പഠനത്തിന് വഴിമുട്ടി വിദ്യാര്‍ഥികള്‍, ജാതി സര്‍ട്ടിഫിക്കറ്റില്ല; പഠിക്കാന്‍ ഫീസ് നല്‍കണം
ഇരിങ്ങാലക്കുട: പട്ടികവര്‍ഗത്തിലെ കുറവ വിഭാഗത്തില്‍പ്പെട്ടവരാണ്. പക്ഷേ ജാതി സര്‍ട്ടിഫിക്കറ്റ് കൈയിലില്ല. തുടര്‍പഠനത്തിനു ചേരാനും ആനുകൂല്യങ്ങള്‍ക്കും ഇതുവേണം. ഇല്ലെങ്കില്‍ ഫീസ് നല്കി പഠിക്കേണ്ടിവരും. അതിനുള്ള സാമ്പത്തികശേഷി ഇല്ലതാനും. എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളില്‍നിന്ന് പത്താം ക്ലാസ് പാസായി പ്ലസ് വണ്ണിന് അപേക്ഷ നല്കി കാത്തിരിക്കുന്ന അശ്വതി, മനു, മനീഷ എന്നിവര്‍ക്കാണു ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പ്രശ്നം. 30 വര്‍ഷത്തിലേറെയായി കാക്കാത്തുരുത്തിയില്‍ താമസിച്ചുവരുന്ന അശ്വതിയുടെയും മനുവിന്റെയുമടക്കം എട്ടു വീട്ടുകാരുടെ സ്ഥിരം ബുദ്ധിമുട്ടാണിത്. നാടോടികളായി കാക്കാത്തുരുത്തിയില്‍ വന്നു സ്ഥിരതാമസമാക്കിയവരാണ് ഇവരുടെ പൂര്‍വികര്‍. അവരില്‍ ആര്‍ക്കും തന്നെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ല. അതുകൊണ്ടുതന്നെ ജാതി സര്‍ട്ടിഫിക്കറ്റിനുവേണ്ടിയുള്ള അപേക്ഷകള്‍ റവന്യു അധികാരികള്‍ നിരസിക്കുകയാണ്. ജാതി തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. മെച്ചപ്പെട്ട വിദ്യാഭ്യാസം ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക ശേഷി ഇവര്‍ക്കില്ല. സര്‍ട്ടിഫിക്കറ്റിനായി പൂര്‍വികര്‍ താമസിക്കുന്ന കോഴിക്കോട്ട്ു പോയി തഹസില്‍ദാരെ കണ്ട് അപേക്ഷ വെച്ചിരുന്നു. തീരുമാനം വന്നാല്‍ അറിയിക്കാമെന്നു പറഞ്ഞിരുന്നെങ്കിലും മൂന്നുകൊല്ലം കഴിഞ്ഞിട്ടും ഒന്നുമുണ്ടായിട്ടില്ല. എംഎല്‍എയ്ക്കും മന്ത്രിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കാറളം താണിശേരിയിലും ഇവരുടെ കുടുംബങ്ങളുണ്ട്. ബന്ധുക്കളില്‍ പലര്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെയും സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന് അശ്വതിയുടെ പിതാവ് സുരേഷ് പറഞ്ഞു. വീട്ടുനമ്പര്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഐഡി കാര്‍ഡ് എന്നിവയെല്ലാമുണ്ട്. ഡിഗ്രിക്കു സീറ്റ് കിട്ടിയിട്ടും എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണു സുരേഷിന്റെ മൂത്തമകന് സുധി. സ്കോളര്‍ഷിപ്പ് കിട്ടിയിട്ടും ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ആനുകൂല്യം നിഷേധിക്കപ്പെടുകയാണ്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ പഠനം പ്രതിസന്ധിയിലായ പതിനഞ്ചോളം കുട്ടികളുണ്ട് ഇവിടെ. എടതിരിഞ്ഞി, കാക്കാത്തുരുത്തി, പെരിഞ്ഞനം സ്കൂളുകളിലായിട്ടാണ് ഈ കുട്ടികള്‍ പഠിക്കുന്നത്.