കശുമാവ് സമ്പന്നനഗരമാകാന് ഇരിങ്ങാലക്കുടയിൽ 3500 കശുമാവിന്‍തൈകള്‍ നടും
41 ഡിവിഷനുകളിലായി 3500 കശുമാവിന്‍തൈകള്‍ നടും
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുവര്‍ഷം കശുമാവുകള്‍ക്ക് സംരക്ഷണം
ഇരിങ്ങാലക്കുട: കശുമാവുകളാല്‍ സമ്പന്നമായ നഗരമാകാന്‍ ഒരുങ്ങി ഇരിങ്ങാലക്കുട നഗരസഭ. ഇതിന്റെ ഭാഗമായി നഗരസഭയിലെ 41 ഡിവിഷനുകളിലായി 3500 കശുമാവിന് തൈകള്‍ വിതരണം ചെയ്യും. ഇരിങ്ങാലക്കുട നഗരസഭ-അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുഭിക്ഷ കേരളം-മുറ്റത്തൊരു കശുമാവ് പദ്ധതിയുടെ ഭാഗമായിട്ടാണ് തൈ വിതരണം ചെയ്യുന്നത്. മൂന്നുവര്‍ഷംകൊണ്ട് കായ്ക്കുന്ന അത്യുത്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകളാണ് നല്‍കുന്നത്. അധികം പടരാത്ത പൊക്കം വയ്ക്കാത്ത കശുമാവാണിത്. കേരള കാര്‍ഷിക സര്‍വകലാശാല, ഐസിഎആര്‍ എന്നീ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്തവയാണ് തൈകള്‍. നല്ല രീതിയില്‍ പരിപാലിക്കുന്ന കശുമാവില്‍ നിന്ന് അഞ്ചുമുതല്‍ ഏഴുകൊല്ലം വരെ ശരാശരി 10 മുതല്‍ 15 കിലോ വരെ വിളവ് ലഭിക്കും. കശുവണ്ടി മേഖലയിലെ ആഭ്യന്തര ഉത്പാദനത്തിലും കൃഷി വികസനത്തിലും ഉണ്ടാകുന്ന പ്രതിസന്ധിക്കു പരിഹാരമായി സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ഹില്‍പാര്‍ക്കില്‍ 300 തൈകള്‍ വെച്ച് കശുമാവിന് തോട്ടവും സജ്ജമാക്കുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളാണ് കശുമാവുകള്‍ നട്ടുപരിപാലിക്കുക. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഹില്‍പാര്‍ക്കില്‍ തൈ നട്ടുകൊണ്ട് നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.സി. ഷിബിന്‍, അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ്, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ ടി.എസ്. സിജിന്‍, ടി.എം. നിത്യ എന്നിവര്‍ പങ്കെടുത്തു.