മഴയില്‍ നഗരസഭയിലെയും പഞ്ചായത്തുകളിലെയും പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി
ഇരിങ്ങാലക്കുട: കനത്ത മഴയില്‍ നഗരസഭയിലെയും പഞ്ചായത്തുകളിലെയും പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി. താഴ്ന്ന പ്രദേശങ്ങളിലാണു വെള്ളക്കെട്ട് രൂക്ഷമായി തുടങ്ങിയിട്ടുള്ളത്. റോഡില്‍ നിന്നും കാനകളിലേക്കു വെള്ളമൊഴുകാന്‍ സംവിധാനമില്ലാത്തതിനാല്‍ പലയിടത്തും റോഡില്‍ തന്നെ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. പടിഞ്ഞാറന്‍ പ്രദേശങ്ങളായ കനാല്‍ ബെയ്സ്, സോള്‍വെന്റ് പരിസരം, പെരുവല്ലിപ്പാടം, കെഎസ്ആര്‍ടിസി പരിസരം, ചാലാംപാടം, കൂടല്‍മാണിക്യം തെക്കേനട എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. റോഡില്‍ സകല മാലിന്യങ്ങളുമായി വെള്ളം പരന്നൊഴുകുന്നതിനാല്‍ കാല്‍നടക്കാര്‍ക്കും മറ്റും ഏറെ ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്. മണ്ണും മാലിന്യവും അടിഞ്ഞു കൂടിയതു മൂലം കാനകളിലൂടെയുള്ള വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനു തടസമായിട്ടുണ്ട്.
കനത്ത മഴ; ഇരിങ്ങാലക്കുടയില്‍ 750 ഏക്കറില്‍ കൃഷിനാശം
ഇരിങ്ങാലക്കുട: കനത്ത മഴയില്‍ ഇരിങ്ങാലക്കുട മേഖലയിലെ 750 ഏക്കറില്‍ കൃഷി നാശം സംഭവിച്ചു. നഗരസഭയിലും മുരിയാട് പഞ്ചായത്തിലുമായി വരുന്ന പാടങ്ങളാണിവ. മുരിയാട് മേഖലയിലെ കോക്കര, കൊച്ചിപാടം തുടങ്ങി ഏഴു പടവുകളിലെ വിത്തിറക്കിയതെല്ലാം നശിച്ചുപോയി. കൂടാതെ വിത്തിറക്കാന്‍ പാടശേഖരം ഒരുക്കിയവര്‍ക്കും മഴ തിരിച്ചടിയായി. കുഴിക്കാട്ടുകോണം-മുരിയാട് കായല്‍ തെക്കേപാടം കോള്‍ കര്‍ഷകസമിതിയുടെ കീഴിലുള്ള 100 ഏക്കര്‍ പാടശേഖരത്തില്‍ വെള്ളം കയറി പുഞ്ചകൃഷിക്കായി വിത്തു വിതച്ചിരുന്നതു മുഴുവന്‍ നശിച്ചു. ദിവസങ്ങള്‍ക്കു മുമ്പാണ് ഇവിടെ വിത്തിറക്കിയത്. ബണ്ടിന്റെ ഉയരം കുറഞ്ഞഭാഗങ്ങളിലൂടെ വെള്ളം പാടത്തേക്ക് എത്തുകയായിരുന്നു. ബണ്ടിന്റെ താഴ്ന്ന ഭാഗങ്ങളില്‍ മണല്‍ ചാക്കുകളിട്ടു വെള്ളം കയറുന്നതു തടയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 30 ഏക്കറിലെ ഞാറു നശിച്ചു. 70 ഏക്കറില്‍ വിതച്ച വിത്തും നശിച്ചു. കഴിഞ്ഞ ആഴ്ചയാണു പാടത്തെ വെള്ളം മോട്ടര്‍ ഉപയോഗിച്ചു അടിച്ചു കളഞ്ഞു കണ്ടം ഒരുക്കി വിത്തിട്ടത്. കോന്തിപുലം മുതല്‍ തൊമ്മാന വരെയുള്ള ഭാഗത്തും ചെമ്മണ്ട കായല്‍ ഭാഗത്തും സ്ഥിതി വ്യത്യസ്തമല്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആരംഭിക്കേണ്ട പുഞ്ചക്കൃഷി ഇത്തവണ നേരത്തേ ആരംഭിക്കുകയായിരുന്നു. പെരുന്തോട്ടില്‍ നിന്നു ചേറെടുത്തതിനെ തുടര്‍ന്നു വെള്ളം നന്നായി ഒഴുകി പോകാന്‍ തുടങ്ങിയതും പാടശേഖരത്തിലെ ജോലികള്‍ക്കായി ഫെബ്രുവരിയില്‍ കണ്ടം ഒഴിഞ്ഞു കൊടുക്കേണ്ടതിനാലുമാണ് ഇത്തവണ നേരത്തെ കൃഷി ആരംഭിച്ചത്. ഇരുപ്പൂ ചെയ്യാമെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നു. ഇനി 20 ദിവസമെങ്കിലും മോട്ടര്‍ ഉപയോഗിച്ചു വെള്ളം വറ്റിച്ചാലേ വീണ്ടും കൃഷി ഇറക്കാന്‍ കഴിയൂയെന്നു കര്‍ഷകര്‍ പറയുന്നു. ഇതിനായി കര്‍ഷകര്‍ വീണ്ടും നിലം ഒരുക്കണം. പുതിയ വിത്തു ലഭിക്കുകയും വേണം. കനത്ത മഴയില്‍ താണിശേരി മേഖലയില്‍ 180 ഏക്കറോളം പാടശേഖരത്തില്‍ വെള്ളം കയറി. കമ്മട്ടിത്തോടിനു സമീപം കിഴക്ക് ഭാഗത്ത് 30 ഏക്കറിലും കൊരുമ്പിശേരി പാടശേഖരത്തില്‍ 100 ഏക്കറിലും തൃത്താണിപാടത്ത് 50 ഏക്കറിലുമാണു വെള്ളം കയറിയത്. ഒരാഴ്ച മുമ്പാണ് ഇവിടെ ഞാറു നട്ടത്. കൂടുതല്‍ ദിവസം ഞാറ് വെള്ളത്തില്‍ കിടന്നാല്‍ ചീഞ്ഞുപോകുമെന്ന ആശങ്കയിലാണു കര്‍ഷകര്‍.