സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കു മാര്‍ച്ചും ധര്‍ണയും
രാജ്യരക്ഷാ വിരുദ്ധ നിയമങ്ങള്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന സ്ഥിരോത്സാഹത്തിനു വിരാമം അനിവാര്യം: കെ.പി. രാജേന്ദ്രന്
ഇരിങ്ങാലക്കുട: രാജ്യരക്ഷക്കു കോട്ടം തട്ടുന്ന തരത്തിലുള്ള ജനവിരുദ്ധ നയങ്ങള്‍ പാര്‍ലമെന്റില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും അതിനെ എതിര്‍ക്കുന്ന ഇടതുപക്ഷ എംപിമാരെ തിരഞ്ഞു പിടിച്ചു പുറത്തുനിര്‍ത്തുക തുടങ്ങിയ തുടര്‍ച്ചയായ ദേശവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതില്‍ സ്ഥിരോത്സാഹം കാണിക്കുന്നതില്‍ നിന്നു നരേന്ദ്രമോദി സര്‍ക്കാര്‍ പിന്മാറണമെന്നു സിപിഐ ദേശീയ കൗണ്‍സില്‍ മെമ്പറും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രന് ആവശ്യപ്പെട്ടു. പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ സ്വകാര്യവത്കരിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍ത്ത പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ 17 നു സിപിഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കു മാര്‍ച്ചും ധര്‍ണയും നടക്കുന്നതിന്റെ ഭാഗമായി സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന വാഹന പ്രചരണ ജാഥയുടെയും പൂമംഗലം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി പി. മണി ജാഥാ ക്യാപ്റ്റനായും കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി വൈസ് ക്യാപ്റ്റനായും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഡയറക്ടര്‍ ആയും നടത്തുന്ന പ്രചാരണ ജാഥക്കു മണ്ഡലം നേതാക്കളും വര്‍ഗ ബഹുജന സംഘടനാ നേതാക്കളും സ്വീകരണം നല്കി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്നു ജാഥ ആളൂരില്‍ എത്തും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനം കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാര്‍ ഉദ്ഘാടനം ചെയ്യും.