പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങള്‍ക്കു വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു
മുരിയാട്: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കു വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു വാട്ടര്‍ ടാങ്ക് വിതരണം ചെയ്തത്. പദ്ധതി നടത്തിപ്പിനായി 6.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 50 പേര്‍ക്കാണു ടാങ്കുകള്‍ വിതരണം ചെയ്യുന്നത്. മുരിയാട്, ആനന്ദപുരം വില്ലേജുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കു മുരിയാട് വനിതാ വ്യവസായ കേന്ദ്രത്തില്‍ വെച്ചും പുല്ലൂര്‍ വില്ലേജില്‍ ഉള്ളവര്‍ക്കു ചേര്‍പ്പുംകുന്ന് സാംസ്കാരിക നിലയത്തില്‍ വെച്ചുമാണു ടാങ്കുകള്‍ വിതരണം ചെയ്യുന്നത്. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയന്, സുനില്‍കുമാര്‍, നിഖിത അനൂപ്, സേവിയര്‍ ആളൂക്കാരന്‍, ശ്രീജിത്ത് പട്ടത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു. നൂറുദിന കര്‍മ പദ്ധതിയിലെ 36-ാമത് ഇനമാണു വാട്ടര്‍ ടാങ്ക് വിതരണം.