മുണ്ടകന്‍ കൃഷിയില്‍ നൂറുമേനി വിളവ് കൊയ്ത് സിസ്റ്റര്‍ റോസ് ആന്റോ
ഇരിങ്ങാലക്കുട: സിസ്റ്റര്‍ റോസ് ആന്റോ തുടര്‍ച്ചയായി അഞ്ചാം തവണയും കൃഷിയിറക്കിയ പാടത്ത് നൂറുമേനി വിളവ്. കോമ്പാറ പടിഞ്ഞാറേ പാടത്ത് പെരുവല്ലിപ്പാടത്തെ നാല് ഏക്കറോളം വരുന്ന സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. തന്റെ നെല്‍ വയലുകളില്‍ മുണ്ടകന്‍ കൊയ്ത്ത് കഴിഞ്ഞതോടെ ആത്മസംതൃപ്തിയും ആത്മാഭിമാനവും ഏറെ സന്തോഷവും സമ്മാനിച്ച നിമിഷങ്ങളായിരുന്നു സിസ്റ്റര്‍ക്ക്. നൂറ് ശതമാനം ജൈവ രീതിയില്‍ കൃഷി ചെയ്തെടുത്തതാണ് ഈ നെല്‍ വയലുകള്‍. സെന്റ് ജോസഫ്സ് കോളജിലെ ഹിന്ദി വിഭാഗത്തില്‍ നിന്നും വിരമിച്ച വ്യക്തിയാണ് സിസ്റ്റര്‍ റോസ് ആന്റോ. 2017 മുതലാണ് സിസ്റ്റര്‍ തരിശുകിടന്ന പാടശേഖരം ഏറ്റെടുത്ത് കൃഷിയിറക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ജൈവകൃഷിയില്‍ നല്ല വിളവെടുക്കാന്‍ ആദ്യര്ഷം തന്നെ കഴിഞ്ഞു. പല കോണുകളില്‍നിന്നും നല്ല പ്രതികരണങ്ങളും അഭിനന്ദനങ്ങളും സിസ്റ്ററെ തേടിയെത്തി. ഇത് തുടര്‍ച്ചയായി കൃഷിയിറക്കാന്‍ ആത്മവിശ്വാസമേകി. വിഷരഹിതഭക്ഷണം നമ്മുടെ നാട്ടില്‍ത്തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു കൃഷിചെയ്യുന്നതെന്ന് സിസ്റ്റര്‍ പറഞ്ഞു. ഇതു വിറ്റ് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണു ഉപയോഗിക്കുന്നത്. ഞാറു നടാനും കൊയ്ത്തിനും മാത്രമാണു മെഷീനിന്റെയും മറ്റു ജോലിക്കാരുടെയും സഹായം സിസ്റ്റര്‍ ആശ്രയിക്കുന്നത്. അതിനിടയിലുള്ള എല്ലാ പ്രവൃത്തികളും സിസ്റ്റര്‍ തന്നെയാണു ചെയ്യുന്നത്. രണ്ടുദിവസമെടുത്താണു കൊയ്ത്തുമെഷീന്റെ സഹായത്തോടെ പാടത്തുനിന്ന് നെല്ല് കൊയ്തെടുത്തത്. ഈ വര്‍ഷം മഴ വളരെ കുറവായിരുന്നു. മുണ്ടകന്‍ കൃഷിക്കാര്ക്കൊക്കെ ഒത്തിരി നഷ്ടം സംഭവിച്ച വര്‍ഷമാണ്. അതിനെയൊക്കെ അതിജീവിച്ചുകൊണ്ടാണ് ഈ നെല്‍കതിരുകള്‍ തളിരിട്ടത്. പുതിയ തലമുറയെ കൃഷിയിലേക്ക് അടുപ്പിക്കാനാണ് സിസ്റ്ററുടെ ലക്ഷ്യം. ഹിന്ദി സേവി സമ്മാന്‍, മികച്ച പരിസ്ഥിതി പ്രവര്‍ത്തക അവാര്‍ഡ്, രണ്ടു തവണ മികച്ച അധ്യാപക അവാര്‍ഡ്, വനിതാ കര്‍ഷക അവാര്‍ഡ്, അണക്കത്തില്‍ ഭാസ്കരന് മെമ്മോറിയല്‍ അവാര്‍ഡ്, കൊറ്റവേ പുരസ്കാരം തുടങ്ങി 20 ഓളം പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 30 വര്‍ഷം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ അധ്യാപിക ആയിരുന്നു. 2020 ല്‍ കോളജില്‍ നിന്ന് വിരമിച്ചു. സന്യാസത്തിന്റെ ജൂബിലി വര്‍ഷമായ 2018ല്‍ ദൈവത്തോടുള്ള നന്ദിസൂചകമായി ഇരിങ്ങാലക്കുട ആസാദ് റോഡിലെ വൃക്കരോഗം മൂലം കഷ്ടപ്പെട്ടിരുന്ന സൈക്കിള്‍ റിപ്പയറിംഗുകാരനായ തിലകന് സ്വന്തം വൃക്ക നല്കി.