കാറളം ഭവനപദ്ധതിക്ക് ലൈഫ് കിട്ടി ഫ്ളാറ്റ് നിര്‍മാണം പുനരാരംഭിച്ചു
കാറളം: ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി വെള്ളാനിയില്‍ ലൈഫ് മിഷന് ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു. വ്യക്തമായ രൂപരേഖയില്ലാതെ ആരംഭിച്ച നിര്‍മാണം ഗ്രാമപഞ്ചായത്ത് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. പുതിയ രൂപരേഖയനുസരിച്ചാണ് ഇപ്പോള്‍ നിര്‍മാണം ആരംഭിച്ചത്. വെള്ളാനിയില്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള 84 സെന്റ് സ്ഥലത്ത് രണ്ടു ബ്ലോക്കുകളിലായി 72 യൂണിറ്റുകളാണു നിര്‍മിക്കുന്നത്. ഇതില്‍ 68 എണ്ണമാണു താമസിക്കാനുള്ളവ. ബാക്കിയുള്ളവ അഡ്മിനിസ്ട്രേഷന് അടക്കമുള്ള കാര്യങ്ങള്‍ക്കാണ് ഒരുക്കുന്നത്. 9.20 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ ആകെ വിസ്തീര്‍ണം 43000 ചതുരശ്ര അടിയാണ്. വയോജനപരിപാലനകേന്ദ്രം, കോമണ്‍ റൂം, സിക്ക് റൂം, മാലിന്യസംസ്കരണ സംവിധാനങ്ങള്‍, സൗരോര്‍ജ സംവിധാനം എന്നിവയും ഉണ്ടാകും. 500 ചതുരശ്ര അടിയില്‍ രണ്ടു കിടപ്പുമുറി, ഹാള്‍, അടുക്കള, ബാല്‍ക്കണി, ശൗചാലയം എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ യൂണിറ്റും. രണ്ടു ഘട്ടങ്ങളിലായാണു നിര്‍മാണം. ഇതില്‍ ആദ്യഘട്ടത്തിന്റെ ടെന്‍ഡര്‍ മാത്രമാണു നല്‍കിയിരിക്കുന്നത്. 2020 സെപ്റ്റംബര്‍ 24 നു മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് ഇതിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ആറുമാസത്തില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഒരുവര്‍ഷം പിന്നിട്ടിട്ടും ഫ്ളാറ്റ് സമുച്ചയത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കല്‍ മാത്രമേ നടന്നുള്ളൂവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. നിര്‍മാണം ആരംഭിച്ച സമയത്ത് സ്ഥലത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. റോഡിനോടു ചേര്‍ന്നുള്ള പുറമ്പോക്ക് സ്ഥലംകൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇതിനെ തുടര്‍ന്നു താലൂക്ക് സര്‍വേയര്‍ സ്ഥലം അളന്ന് അതിരുകള്‍ തിരിച്ചു നല്കി. തടസങ്ങള്‍ മാറിയെന്നും മണ്ണ് മാറ്റുന്നതിലെ ബുദ്ധിമുട്ടാണു വേഗത്തിലാക്കാന്‍ കഴിയാത്തതെന്നും അധികൃതര്‍ പറഞ്ഞു. അഹമ്മദാബാദിലുള്ള മിത്സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു കരാറുകാര്‍.