സ്കില്‍ ഡവലപ്പ്മെന്റ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
കാട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ സ്കില്‍ ഡവലപ്പ്മെന്റ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയിലുള്‍പ്പെടുത്തി ആരംഭിച്ച ഈ വ്യവസായ സംഘത്തിലൂടെ വിദഗ്ധ തൊഴിലാളികള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വരുമാനം ഉറപ്പു വരുത്തുന്നതിനും അവിദഗ്ധ തൊഴിലാളികള്‍ക്കു പരിശീലനം നല്‍കുന്നതിനുമാണു ലക്ഷ്യമിടുന്നത്. കാട്ടൂര്‍ ഗവ. ഹൈസ്കൂള്‍ പരിസരത്തെ സംഘം ഓഫീസില്‍ വെച്ചു ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി.എസ്. മായാദേവി, മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസര്‍ വി.എസ്. ജലജ, മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസ് സഹകരണ ഇന്‍സ്പെക്ടര്‍ മെറിന് ജോര്‍ജ്, സംഘം രക്ഷാധികാരി എന്‍.ബി. പവിത്രന്, സംഘം പ്രസിഡന്റ് കെ.സി. മണിക്കുട്ടന്, സെക്രട്ടറി മില്‍സ തോമസ് എന്നിവര്‍ പ്രസംഗിച്ചു.