ഠാണാ-ചന്തക്കുന്ന് റോഡ് വികസനം; രൂപരേഖ തയാറാക്കുന്നു
ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കേണ്ട ഭൂമിയുടെ രൂപരേഖ തയാറാക്കുന്നു. ഇരിങ്ങാലക്കുട, മനവലശേരി വില്ലേജുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളുടെ സര്‍വേ നടപടി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഇപ്പോള്‍ ഭൂമിയുടെ രൂപരേഖ തയാറാക്കുന്നത്. ഇതിനു ശേഷം കളക്ടറുടെ അനുമതിയോടെ പരിസ്ഥിതി ആഘാത പഠനത്തിലേക്കു കടക്കും. സാമൂഹിക ആഘാതം വിലയിരുത്തല്‍, പൊതുവിചാരണ എന്നിവ നടത്തി കളക്ടറുടെ പരിശോധനയ്ക്കു ശേഷം ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കും. റോഡ് വികസനത്തിനായി 136.62 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണു കരുതുന്നത്. ചന്തക്കുന്നില്‍ മൂന്നുപീടിക റോഡില്‍ 50 മീറ്ററും കൊടുങ്ങല്ലൂര്‍ റോഡില്‍ സെന്റ് ജോസഫ്സ് കോളജ് വരെയും ഠാണാവില്‍ തൃശൂര്‍ റോഡില്‍ ബൈപ്പാസ് റോഡ് വരെയും ചാലക്കുടി റോഡില്‍ ഗവ. ആശുപത്രി വരെയുമാണു വികസിപ്പിക്കുന്നത്. നിലവില്‍ ഗതാഗതകുരുക്കില്‍ ബുദ്ധിമുട്ടുന്ന ഠാണാ-ചന്തക്കുന്ന് റോഡ് 17 മീറ്റര്‍ വീതിയിലാക്കും. ഇതിനായി 136.62 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. 17 മീറ്ററില്‍ 11.8 മീറ്റര്‍ വീതിയില്‍ റോഡും ബാക്കി 3.2 മീറ്റര്‍ വീതിയില്‍ നടപ്പാതകളോടു കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. റോഡ് ബിഎംബിസി നിലവാരത്തില്‍ മെക്കാഡം ടാറിട്ടാണു വികസിപ്പിക്കുന്നത്. ഇതിനുപുറമെ ട്രാഫിക് സേഫ്റ്റിക്കു വേണ്ടിയുള്ള ലൈന്‍ മാര്‍ക്കിംഗ്, റിഫ്ളക്ടറുകള്‍, സൂചനാ ബോര്‍ഡുകള്‍, ദിശാ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും.