വാതില്‍ മാടം കോളനിയില്‍ മണ്ണിടിച്ചല്‍: കോളനി നിവാസികളെ പുനരധിവസിപ്പിക്കണം
വാതില്‍ മാടം കോളനി നിവാസികളെ കബളിപ്പിക്കുകയാണ്- പൊറത്തിശേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
ഇരിങ്ങാലക്കുട: വാതില്‍മാടം നാലുസെന്റ് കോളനിയില്‍ മഴക്കാലമായതോടെ രൂക്ഷമായ മണ്ണിടിച്ചല്‍ തുടരുന്നു. ഏഴോളം വീട്ടുകാര്‍ മരണഭീതിയോടെയാണു കഴിഞ്ഞു കൂടുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്നും 63 ലക്ഷം പാസായിട്ടുണ്ടെന്നും കരിങ്കല്‍ ഭിത്തി കെട്ടി മണ്ണിടിച്ചല്‍ തടയുമെന്നും പറഞ്ഞ് വാര്‍ഡ് കൗണ്‍സിലര്‍ ദുരന്തമനുഭവിക്കുന്ന ഈ പരിസരവാസികളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് മണ്ണിടിഞ്ഞു വീണു വീട് നഷ്ടപെട്ട മണി കൂടാരത്തില്‍ എന്നയാള്‍ക്ക് നഗരസഭ 40-ാം വാര്‍ഡില്‍ സ്ഥലവും വീടും നല്കി പുനരധിവസിപ്പിച്ചിരുന്നു. ഇപ്പോള്‍ മണ്ണിടിച്ചില്‍ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന ഏഴോളം വീട്ടുകാരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു നടപടികള്‍ക്കും മുതിരാതെ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്ത കരിങ്കല്‍ ഭിത്തി കെട്ടി മണ്ണിടിച്ചില്‍ തടയും എന്ന മോഹന വാഗ്ദാനം നല്കി നിലവിലെ കൗണ്‍സിലര്‍ ദാരിദ്രരേഖക്കു താഴെ മാത്രം വരുന്ന പാവപ്പെട്ട കോളനി നിവാസികളെ കബളിപ്പിക്കുകയാണെന്നു പൊറത്തിശേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഭീഷണി നേരിടുന്ന കുടുംബങ്ങളെ എത്രയും പെട്ടന്ന് പുനരധിവസിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ ആവശ്യപ്പെട്ടു.
സുരക്ഷ ഭീക്ഷണി നേരിടുന്നു, നഗരസഭ മുന്‍കൈയെടുത്ത് കോളനി നിവാസികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം: ബിജെപി
ഇരിങ്ങാലക്കുട: വാതില്‍മാടം കോളനി നിവാസികള്‍ മണ്ണിടിച്ചില്‍ മൂലം അതി ഗൗരവകരമായ സുരക്ഷ ഭീക്ഷണി നേരിടുകയാണെന്നു ബിജെപി ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കമ്മിറ്റി യോഗം. കരിങ്കല്‍ വെച്ച് കെട്ടി മണ്ണിടിച്ചില്‍ തടയുവാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ അനുവദിച്ചുവെന്നുള്ള പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ നാലു വര്‍ഷമായി കേള്‍ക്കുന്നുണ്ടെങ്കിലും ഒരു കല്ല് പോലും വെക്കുവാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ പണിയുടെ കരാര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ നഗരസഭ മുന്‍കൈയെടുത്ത് കോളനി നിവാസികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നു യോഗം ആവശ്യപ്പെട്ടു. കോളനിയുടെ സുരക്ഷിതത്വത്തിനായി സമര പരിപാടികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. യോഗം ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന് അധ്യക്ഷത വഹിച്ചു. ബിജെപി ഭാരവാഹികളായ ഷാജുട്ടന്‍, സന്തോഷ് കാര്യാടന്‍, സത്യദേവ് മൂര്‍ക്കനാട്, പി.ആര്. രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.
കോളനി നിവാസികളെ പുനരധിവസിപ്പിക്കണം
ഇരിങ്ങാലക്കുട: നഗരസഭയില്‍ 38-ാം വാര്‍ഡില്‍ മണ്ണ് ഇടിഞ്ഞ് വീണ് കുന്നിനു താഴെ താമസിക്കുന്ന വീട്ടുകാര്‍ അപകട ഭീഷണിയില്‍. ഇത് കരിങ്കല്ല് കൊണ്ടു കെട്ടി കൊടുക്കാമെന്ന വാഗ്ദാനം നല്‍കിയിട്ടും ഇതുവരെയും ചെയ്യാത്ത വാര്‍ഡ് കൗണ്സിലരുടെ കെടുകാര്യസ്ഥതയാണു ഈ അപകട സാധ്യത ഉണ്ടാക്കുന്നത്. കോളനിയിലെ ഈ കുന്നിനു താഴെ താമസിക്കുന്ന വീട്ടുകാരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കണമെന്ന് ഐഎന്‍ടിയുസി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.എസ്. സന്തോഷ് ആവശ്യപ്പെട്ടു.