ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ സംസ്ഥാനതല ഉദ്ഘാടനം
ഇരിങ്ങാലക്കുട: വിദ്യാഭ്യാസമെന്നത് ക്യാമ്പസിന്റെ നാലുമതില്ക്കെട്ടിനകത്ത് ഒതുങ്ങേണ്ടതല്ലെന്നും പുറത്തെ തീക്ഷ്ണമായ പ്രശ്നങ്ങള്‍ തിരിച്ചറിയുകയും ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യലാണെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വീകെയര്‍ ജീവകാരുണ്യ പദ്ധതിയില്‍ നാഷണല്‍ സര്‍വീസ് സ്കീമും നാഷണല്‍ കേഡറ്റ് കോര്‍പ്പും കൈകോര്‍ക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭാരിച്ച ചികിത്സാച്ചെലവുള്ളതും സങ്കീര്‍ണവുമായ രോഗമുള്ളവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് വീകെയര്‍. എന്നാല്‍ അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനാലും കൂടുതല്‍ പേര്‍ക്ക് സഹായം എത്തിക്കേണ്ടതിനാലും പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. ഇതിനായി എന്‍എസ്എസും എന്‍സിസിയും കൈകോര്‍ക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന തുക സമാഹരിക്കുന്ന ആദ്യ മൂന്ന് എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകള്‍ക്ക് പുരസ്കാരം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ലഹരിക്കെതിരായ വലിയ ക്യാമ്പയിന് ഏറ്റെടുക്കുന്നുണ്ട്. കാമ്പസുകളെയും ഇതിന്റെ ഭാഗമാക്കും. ഗാന്ധിജയന്തി മുതല്‍ നവംബര്‍ ഒന്ന് വരെ ക്യാമ്പസുകളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിവിധ ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ടീമുകള്‍ രൂപീകരിച്ച് പ്രവത്തനങ്ങള്‍ നടത്തും. സംസ്ഥാനതലത്തില്‍ അവര്‍ക്കാവശ്യമായ പരിശീലനം നല്‍കും. എന്‍എസ്എസും എന്‍സിസിയും അതിശയകരമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള സംഘടനകളാണെന്നും വീകെയര്‍ ഉള്‍പ്പെടെയുള്ള സാമൂഹികപ്രതിബദ്ധതയുള്ള പദ്ധതികളില്‍ അവരുടെ സേവനം നിസ്തുലമാണെന്നും മന്ത്രി പറഞ്ഞു. വീകെയര്‍ പദ്ധതിയിലേക്ക് സംസ്ഥാനത്തെ വിവിധ എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകള്‍ സമാഹരിച്ച തുകകള്‍ മന്ത്രി ആര്. ബിന്ദു ഏറ്റുവാങ്ങി. ചടങ്ങില്‍ സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ അധ്യക്ഷത വഹിച്ചു. സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എസ്. ഷെറിന് പ്രൊജക്റ്റ് അവതരണം നടത്തി. നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ ആശംസകളര്‍പ്പിച്ചു. സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സര്‍ സ്വാഗതവും എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ ഹരി കൃഷ്ണന് നന്ദിയും പറഞ്ഞു.