സൗഹാര്‍ദ സന്ദേശം നല്കി ഭക്തി സാന്ദ്രമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം
ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം സൗഹാര്‍ദത്തിന്റെ സന്ദേശം നല്കുന്നതുമായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ടിന് നടന്ന ദിവ്യബലിക്കു ശേഷമാണ് നഗര വീഥികളിലൂടെ വിശ്വാസ തീക്ഷ്ണതയാല്‍ പ്രദക്ഷിണം നടന്നത്. ആദ്യം തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ വരവറിയിച്ച് പെരുമ്പറ മുഴക്കികൊണ്ടുള്ള രാജകീയ വിളംബരവുമായി നകാരമേളം. രണ്ട് കാളവണ്ടികളിലായിട്ടായിരുന്നു നകാരമേളം. തൊട്ടുപുറകിലായി 101 പൊന്‍ കുരിശുകളും പേപ്പല്‍ പതാകകളും എണ്ണൂൂറ് മുത്തുകുടകളുമായി വിശ്വാസി സമൂഹം. ഇതിനിടയില്‍ ചെണ്ടമേളങ്ങളും ബാന്‍ഡ് മേളങ്ങളും. ഇതിനു പുറകിലായിരുന്നു വിശുദ്ധ ഗീവര്‍ഗീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സെന്റ് തോമസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച തേര്. പ്രദക്ഷിണം കടന്നുപോകുന്ന വീഥികള്‍ക്കിരുവശവും വര്‍ണവിളക്കുകള്‍ പ്രഭ വിതറി. പ്രദക്ഷിണത്തിനു മുന്നില്‍ രണ്ടു കാളവണ്ടികളിലായി നകാരങ്ങളുടെ വരവും രൂപക്കൂടിനു മുന്നില്‍ തൂക്കുവിളക്കേന്തി രണ്ടുപേര്‍ നടന്നുനീങ്ങുന്നതും ചരിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഇന്നലെ രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.