‘ആര്‍പ്പോ, ഇര്‍റോ’………. താളത്തില്‍ തുള്ളാന്‍ പെണ്‍പുലികള്‍… 222 ഇനം കറികളുമായി ഓണസദ്യ…..
താളത്തില്‍ തുള്ളാന്‍ പെണ്‍പുലികള്‍… 222 ഇനം കറികളുമായി ഓണസദ്യ….. ഇതെല്ലാമായിരുന്നു പോയ വര്‍ഷങ്ങളിലെ കാമ്പസുകളിലെ ഓണാഘോഷം
കോവിഡ് കൊണ്ടുപോയ കാമ്പസിന്റെ ഓണത്തിന് പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളിലൂടെ…
ഇരിങ്ങാലക്കുട: ചിങ്ങം പിറക്കുമ്പോള്‍ മുതല്‍ ചുണ്ടിലെത്തുന്ന ‘ആര്‍പ്പോ, ഇര്‍റോ’ താളം…. അത്തപ്പൂക്കളം മുതല്‍ ഓണത്തല്ലില്‍ വരെ അണുവിട പാളാതിരിക്കാനുള്ള കട്ട പ്ലാനിംഗ്, കസവു സാരിയിലും മുണ്ടിലും അടിപൊളിയായി ഒരുങ്ങി വരാനുള്ള കാത്തിരിപ്പ്.. കോവിഡ് കൊണ്ടുപോയ കാമ്പസിന്റെ ഓണത്തിന് പറഞ്ഞാലും പറഞ്ഞാലും തീരാത്ത പൊലിമയുണ്ട്…..
ക്ലാസുകള്‍ ഓണ്‍ലൈനായ കാലത്ത് ഓണവും ഓണ്‍ലൈനാക്കാന്‍ കോളജുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ വിഷമം ചില്ലറയല്ല. കോളജുകളിലെ പഴയ ഓണക്കാലത്തെക്കുറിച്ച് അധ്യാപകര്‍ക്കുമുണ്ട് ഒരുപാട് ഓര്‍ത്തെടുക്കാന്‍. !
ഡിപ്പാര്‍ട്ട്മെന്റുകളില്‍ ആഘോഷക്കമ്മിറ്റികള്‍ രൂപീകരിക്കുന്നതോടെ തുടങ്ങും ഓണത്തിന്റെ ആവേശം. അത്തപ്പൂക്കളവും വടംവലിയും ഓണപ്പാട്ടുമെല്ലാം വാശിയോടെ നടക്കും. ഒപ്പം മലയാളി മങ്ക മല്‍സരവും. തിരുവാതിര, ഓണപ്പാട്ട് പരിശീലനമൊക്കെയായി അത്തം മുതലേ ‘ഉത്രാടപ്പാച്ചില്‍’ ആയിരിക്കും കോളജുകളില്‍. അത്തപ്പൂക്കളത്തിനായി നേരത്തെ നാടന്‍ പൂക്കളുമായി എത്തുന്നവരായിരിക്കും ക്ലാസിലെ ഹീറോസ്!
ആവേശം വാനോളം, കാമ്പസിനുള്ളില്‍ പുലികൂട്ടം, താളത്തില്‍ തുള്ളാന്‍ പെണ്‍പുലികളും….
ചായം പൂശി കുടവയര്‍ താളത്തിനൊത്ത് കുലുക്കി പുലികള്‍ നൃത്തം ചെയ്യുക എന്നത് പലരുടെയും ഹരമാണ്. ഓണാഘോഷങ്ങളുടെ സമാപനത്തിനാണ് ക്രൈസ്റ്റിലും സെന്റ് ജോസഫ്സിലും പുലിയിറങ്ങുക. വിദ്യാര്‍ഥി മനസുകളെ കീഴടക്കിയാണ് പുലിക്കൂട്ടം മടങ്ങുക. ഘോഷയാത്രക്കിടെ ആവേശത്താളത്തില്‍ കാഴ്ചക്കാര്‍ പൂലിക്കൂട്ടത്തെ വട്ടമിടുന്നതും പുലിക്കൂട്ടങ്ങള്ക്കൊപ്പം നൃത്തം വക്കുന്നതും ഓണാഘോഷ പരിപാടികളില്‍ കാമ്പസുകളിലെ ശ്രദ്ധേയമായ കാഴ്ചതന്നെയാണ്. സെന്റ് ജോസഫ്സില്‍ പെണ്‍പടയാണ് പുലികളായി ഇറങ്ങാറ്.
222 ഇനം കറികളുടെ മെഗാ ഓണസദ്യ
അത്തപ്പൂക്കളത്തില്‍ തുടങ്ങി മെഗാ ഓണസദ്യയില്‍ തീരുന്നതാണ് ക്രൈസ്റ്റ് കോളജിന്റെ ഓണാഘോഷത്തിന്റെ ചരിത്രം. കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി 2 ദിവസത്തെ ഓണാഘോഷമാണ് സാധാരണയായി ഉണ്ടാവുക. വിവിധ തരം മല്‍സരങ്ങള്‍ ഉണ്ടെങ്കിലും ഡിപ്പാര്‍ട്മെന്റുകള്‍ ഒരുക്കുന്ന സദ്യയും കഴിച്ചാണ് ഏവരുടെയും മടക്കം. 222 ഇനം കറികളുടെ ഓണസദ്യയാണ് ക്രൈസ്റ്റില്‍ കേമന്‍. 28 തരം പ്രധാന കറികള്‍, 55 തരം തോരന്‍, 38 തരം സൈഡ് കറികള്‍, 25 തരം അച്ചാറുകള്‍, 26 തരം പായസങ്ങള്‍ എന്നിങ്ങനെയാണ് 222 തരം വിഭവങ്ങള്‍. വിദ്യാര്‍ഥികള്‍ വീടുകളില്‍ തയാറാക്കിയ കറികളാണ് മെഗാ ഓണസദ്യക്കായി കൊണ്ടുവന്നിരുന്നത്.
‘പൂവുകള്‍ക്കൊരു പുണ്യകാലം’ ഇനി ഓണ്‍ലൈനില്‍
സെന്റ് ജോസഫ്സിലെ മലയാള വിഭാഗം നാട്ടുപൂക്കള്‍ ശേഖരിച്ച് സംഘടിപ്പിക്കുന്ന ‘പൂവുകള്‍ക്കൊരു പുണ്യകാലം’ ഈ വര്‍ഷം ഓണ്‍ലൈനില്‍. തൊടിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന നാട്ടുപൂക്കളുടെ പ്രദര്‍ശനമാണിത്. ഏതാണ്ട് ആയിരത്തോളം പൂക്കള്‍ ഒരേ സമയം ഒരേ വേദിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരേയൊരിടമായിരുന്നു ഈ കാമ്പസ്. അന്യം നിന്നു കൊണ്ടിരിക്കുന്ന കണ്ണാന്തളിപ്പൂക്കളും വര്‍ണാഭമായ മറ്റനവധി പൂക്കളും കൊണ്ട് സമ്പന്നമായിരുന്നു ഈ പ്രദര്‍ശനം. ഇക്കുറി പരിപാടി ഓണ്‍ലൈനാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. വീട്ടില്‍ തന്നെ പൂക്കളമൊരുക്കി അത് വീഡിയോ വഴി അയച്ച് യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്യുവാനാണ് തീരുമാനം.
ആരാകും മാവേലി?
മികച്ച മാവേലിയെ കണ്ടെത്തുന്നതായിരുന്നു ക്രൈസ്റ്റിന്റെയും സെന്റ് ജോസഫ്സിന്റെയും ഓണത്തിന്റെ ഓളം. ക്ലാസ് തോറും കയറിയിറങ്ങുന്ന മാവേലിമാരുടെ നിറച്ചാര്ത്തിലായിരുന്നു ക്രൈസ്റ്റിന്റെ ഓണം. ഒപ്പം ആവേശകരമായ വടംവലി, ഉറിയടി മത്സരത്തോടെ ആഘോഷത്തിന് കലാശക്കൊട്ട്.
ഇത്തവണ ഒറ്റയ്ക്കോണം
ഒരേ നിറത്തിലെ വസ്ത്രം ധരിച്ച് എത്തുന്നതാണ് കഴിഞ്ഞ കുറെ വര്‍ഷമായി കാമ്പസിലെ ഓണം ട്രെന്‍ഡ്. ഒരേ നിറത്തിലെ ഷര്‍ട്ട് കണ്ടെത്താനുള്ള പ്ലാനിങ് ഓണത്തിന് ഒരു മാസം മുന്‍പെ തുടങ്ങും ക്രൈസ്റ്റിലെ ചുള്ളന്മാര്. കസവ് സാരിയിലെ പുതിയ ട്രെന്‍ഡ് തേടിയുള്ള പെണ്‍കുട്ടികളുടെ ഓട്ടത്തിനുമെടുക്കും അതേ സമയം. കോവിഡ് കാലത്ത് കോളജുകളില്‍ ഓണാഘോഷം അനുവദിച്ചിരുന്നെങ്കില്‍ കാമ്പസിലെ പുതിയ താരം കസവ് മാസ്കുകള്‍ ആയിരിക്കുമെന്നുറപ്പ്. ഇക്കൊല്ലം കോളജില്‍ നിന്ന് പടിയിറങ്ങുന്നവര്ക്കാണ് കൂട്ടുകാര്‍ക്കൊപ്പമുള്ള ഓണം മിസ്സായതില്‍ സങ്കടമേറെ………