ബൈപാസ് റോഡ് തകര്‍ന്നു: ചങ്ങാടം ഇറക്കിയും ചൂണ്ടയിട്ടും പ്രതീകാത്മക സമരങ്ങള്‍
ഇരിങ്ങാലക്കുട: ഠാണാ-കാട്ടൂര്‍ ബൈപാസ് റോഡിന്റെ ശോചനീയാവസ്ഥയില്‍ റോഡിലെ വെള്ളക്കെട്ടില്‍ പ്രതീകാത്മക ചങ്ങാടമിറക്കിയും ചൂണ്ടയിട്ടും പ്രതിഷേധ സമരങ്ങള്‍. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു പ്രതീകാത്മക ചങ്ങാടമിറക്കി പ്രതിഷേധം. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലായിരുന്നു ചൂണ്ടയിടല്‍ സമരം. ബൈപാസ് റോഡില്‍ ആവശ്യമായ ഇടങ്ങളില്‍ ഡ്രെയിനേജുകള്‍ സ്ഥാപിക്കുന്നതിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുമൂലം മഴക്കാലത്ത് റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതാവുകയാണ്. മഴക്കാലമായാല്‍ മലിന ജലം ഒഴുകിപ്പോകാന്‍ കൃത്യമായ ഓവുചാലുകള്‍ ഈ റോഡിനു ഇരുവശത്തും സ്ഥാപിക്കേണ്ടതുണ്ട്. ഈ റോഡ് ബ്രദര്‍ മിഷന് റോഡുമായി ബന്ധപ്പെടുത്തി റെയില്‍വേ സ്റ്റേഷന് റോഡിലേക്കു എത്തിക്കുമെന്ന വാഗ്ദാനവും പഴങ്കഥയുമാണ്. റോഡിലെ വഴിവിളക്കുകള്‍ ഒന്നും തന്നെ കത്തുന്നില്ല. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാര യോഗ്യമാക്കാന്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും ചെയര്‍പേഴ്സണ്‍ അതിനോടു മൗനം പാലിയ്ക്കുകയാണു ചെയ്യുന്നതെന്നാണു ഇടതു പക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്.
ചങ്ങാടമിറക്കല്‍ പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.സി. രമണന് അധ്യക്ഷത വഹിച്ചു. സി.സി. ഷിബിന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര് മീനാക്ഷി ജോഷി, വത്സല ശശി എന്നിവര്‍ പ്രസംഗിച്ചു. ചൂണ്ടയിടല്‍ സമരം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി.എ. അനിഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. മനു മോഹന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അതീഷ് ഗോകുല്‍, എം.വി. ഷില്‍വി എന്നിവര്‍ പ്രസംഗിച്ചു.