ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കും: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനായി കോളജ്, സ്കൂള്‍ തലങ്ങള്‍ മുതല്‍ സര്‍ക്കാര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. നേര്‍ക്കൂട്ടം, ശ്രദ്ധ, ആസ്വാദ് തുടങ്ങിയ പദ്ധതികള്‍ മുഖേന വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാനായി. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സഹകരണത്തോടെ നടന്ന വിമുക്തി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും ഉപഭോഗം യുവതലമുറയുടെ സര്‍ഗാത്മകതയെയും ബുദ്ധിശക്തിയെയും പ്രവര്‍ത്തനശേഷിയെയും ബാധിക്കുന്ന ഒന്നാണ്. എക്സൈസ് വകുപ്പ് വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ബോധവത്ക്കരണ ക്ലാസുകളും ഇതര പ്രവര്‍ത്തനങ്ങളും ഏറെ പ്രയോജനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ അധ്യക്ഷനായി. ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജി പോള്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഫെബിന് രാജു എന്നിവര്‍ പങ്കെടുത്തു. വിമുക്തി ജില്ലാ കോഡിനേറ്റര്‍ ഷെഫീഖ് യൂസഫ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തു.