ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം ഇന്ന്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം. കെമിസ്ട്രി വിഭാഗം മേധാവി ഡോ. വി.ടി. ജോയ്, കോളജിന്റെ വൈസ് പ്രിന്‍സിപ്പാളും ഹിന്ദി വിഭാഗം മേധാവിയുമായ പ്രൊഫ. യു. ഷീബ വര്‍ഗീസ്, ഗ്രൗണ്ട്സ്മാന് മാര്‍ക്കര്‍ ടി.ഒ. പോള്‍സണ്‍, സീനിയര്‍ ക്ലര്‍ക്ക് പി.വി. പോള്‍സണ്‍ എന്നിവരാണ് ഈ വര്‍ഷം ക്രൈസ്റ്റ് കലാലയത്തില്‍ നിന്ന് വിരമിക്കുന്നത്. ഇരുപത്തിയെട്ട് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഡോ. വി.ടി. ജോയ് വിരമിക്കുന്നത്. രസതന്ത്ര വിഭാഗത്തില്‍ അധ്യാപകനായി സേവനം ആരംഭിച്ച അദ്ദേഹം വകുപ്പ് മേധാവി ആയിട്ടാണ് പടിയിറങ്ങുന്നത്. മികച്ച ഗവേഷകനായ അദ്ദേഹം ദേശീയ അന്തര്‍ദേശീയ പേറ്റന്റുകള്‍ സ്വന്തമാക്കിയിരുന്നു. കോളജിന്റെ വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. യു. ഷീബ വര്‍ഗീസ് 27 വര്‍ഷത്തെ തന്റെ അധ്യാപന ജീവിതത്തിന് ശേഷമാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നത്. ഹിന്ദി വിഭാഗത്തില്‍ അധ്യാപികയായി സേവനം ആരംഭിച്ച ഷീബ ടീച്ചര്‍ വകുപ്പ് മേധാവിയായി കലാലയത്തിന്റെ പടിയിറങ്ങുന്നു. മുപ്പത്തിനാല് വര്‍ഷത്തെ നീണ്ട സേവനത്തിന് ശേഷമാണ് മാര്‍ക്കര്‍ തസ്തികയില്‍ നിന്നും ടി.ഒ. പോള്‍സണ്‍ വിരമിക്കുന്നത്. ഇരുപത്തിയെട്ട് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സീനിയര്‍ ക്ലര്‍ക്ക് പി.വി. പോള്‍സണ്‍ വിരമിക്കുന്നത്. ക്രൈസ്റ്റ് കോളജില്‍ ലാബ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ നിലകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ പത്തിന് ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. എം.ആര്. ശശീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. തൃശൂര്‍ മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി വിരമിക്കുന്നവരുടെ ചിത്രം അനാച്ഛാദനം ചെയ്യും. സിഎംഐ തൃശൂര്‍ ദേവമാതാ കൗണ്‍സിലര്‍ ഫാ. സന്തോഷ് മുണ്ടന്മാണി മുഖ്യപ്രഭാഷണം നടത്തും.