മഴപെയ്തു തുടങ്ങി, നഗരം പകര്‍ച്ചവ്യാധിയുടെ പിടിയില്‍, ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ഇരുപത് പേര്‍ക്ക്
ഇരിങ്ങാലക്കുട: മഴ പെയ്തു തുടങ്ങിയതോടെ നഗരവാസികള്‍ പകര്‍ച്ചവ്യാധിയുടെ വിറങ്ങലില്‍. നഗരഹൃദയത്തില്‍ കഴിഞ്ഞ മാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇരുപതോളം ഡെങ്കിപ്പനി കേസുകളാണ്. ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള എക്സൈസ് ഓഫീസ്, ഒരു വ്യാപാര സ്ഥാപനം, ഒരു വിദ്യാഭ്യാസ കേന്ദ്രം എന്നിവടങ്ങളിലെ ഇരുപതോളം പേരെയാണ് ഡെങ്കി ബാധിച്ചത്. ഫോഗിംഗ് ഉള്‍പ്പടെയുള്ള ശുചീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നു. മഴ ശക്തിയായി പെയ്തു തുടങ്ങിയാല്‍ പകര്‍ച്ചവ്യാധികള്‍ ഗുരുതരമായ രീതിയില്‍ പടര്‍ന്നു പിടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിരവധി പേര് പനി മൂലം താലൂക്കാശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തി. ചിത്സതേടി എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. എന്നാല്‍ രോഗികളില്‍ രോഗ ലക്ഷണങ്ങള്‍ കാര്യമായിട്ടില്ലെന്നും പ്രാഥമിക ചികിത്സകൊണ്ട് ഭേദമാക്കാം എന്നുള്ളതാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. താലൂക്കാശുപത്രിക്കു പുറമേ സമീപത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. നഗരങ്ങളില്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്ന സ്ഥലങ്ങളില്‍ കൊതുകുകളുടെ പ്രജനനം ഇപ്പോള്‍ തന്നെ അധികമാണെന്നു കണ്ടെത്തിയിട്ടുണ്ട്. മഴക്കാലത്തിനു മുന്നോടിയായി നടത്താറുള്ള മാലിന്യ നിര്‍മാര്‍ജനം ശക്തമായില്ലെങ്കില്‍ വരാന്‍ പോകുന്ന ദുരന്തത്തിനു സമാനതകളുണ്ടാകില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മാലിന്യ നിര്‍മാര്‍ജനം, കൊതുകു നിവാരണം, തുടങ്ങിയ പ്രവര്‍ത്തനങ്ങളും ശക്തമാക്കണമെന്നാണു വിദഗ്ധ പക്ഷം. രോഗം വരാതിരിക്കുന്നതിനുള്ള ബോധവത്കരണമടക്കമുള്ള മുന്‍ കരുതല്‍ നടപടികള്‍ എടുക്കേണ്ടതുണ്ട്. നഗരപ്രദേശത്ത് കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളില്‍ നിന്നും രോഗം പകരാം എന്നുള്ളതിനാല്‍ മാലിന്യസംസ്കരണം കാര്യക്ഷമമല്ലാത്തത് രോഗാവസ്ഥ ഗുരുതരമാക്കുന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. നഗരത്തിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും വിതരണം ചെയ്യുന്ന കുടിവെള്ളം അണുവിമുക്തമാണോയെന്നും ഗുണനിലവാരമുള്ളതാണോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നഗരസഭയിലെ ആരോഗ്യ വിഭാഗം കൂടുതല്‍ സജീവമായി രംഗത്തിറങ്ങേണ്ടതുണ്ട്. വീടുകളിലെ കിണറുകള്‍ രോഗാണുവിമുക്തമാക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡറുകള്‍ എല്ലാ വര്‍ഷവും നഗരസഭ വിതരണം ചെയ്യാറുള്ളതാണ്. കുടുംബശ്രീ പരവര്‍ത്തകര്‍ വഴിയാണ് ഇതിന്റെ വിതരണം നടക്കാറുള്ളത്. കാലവര്‍ഷം കനത്താല്‍ തോടുകളില്‍ വെള്ളക്കെട്ട് രൂക്ഷമാകും. ഇത് സമീപത്തെ കിണറുകളെ മലിനമാക്കുന്നതോടെ രോഗങ്ങള്‍ പിടിപ്പെടാന്‍ ഇടയാക്കും. നഗരസഭയില്‍ നിന്നും ഓരോ വാര്ഡുലേക്കും തോടുകളും കുളങ്ങളും വൃത്തിയാക്കുവാന്‍ തുക നല്‍കുന്നുണ്ടെങ്കിലും ടൗണിലെ പല വാര്‍ഡുകളിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. മഴ ഇടമുറിയാതെ പെയ്താല്‍ ആരോഗ്യസുരക്ഷാപ്രവര്ത്തനങ്ങള് താളം തെറ്റുവാനാണ് സാധ്യത.
കൊതുകുകള്‍ എങ്ങനെ വളരാതിരിക്കും…..പകര്‍ച്ചവ്യാധി എങ്ങിനെ ഉണ്ടാകാതിരിക്കും….
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളാകരുതേ….
ഇരിങ്ങാലക്കുട: കൊതുകുവളര്ത്താനായി അധികൃതര്‍ തന്നെ സൗകര്യമൊരുക്കുന്ന കാഴ്ചയാണിവിടെ. ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിന്റെയും അടുത്തുള്ള ട്രെയിനിംഗ് സെന്ററിന്റെയും പരിസരം കാട് പിടിച്ച് കിടക്കുന്ന സാഹചര്യവും വെള്ളക്കെട്ടും പകര്‍ച്ചവ്യാധി ക്ഷണിച്ചു വരുത്തുന്ന സാഹചര്യമാണുള്ളത്. എക്സൈസ് വകുപ്പ് പിടികൂടിയ വാഹനങ്ങളും അനധികൃത വാറ്റുപകരണങ്ങളും ഡ്രമുകളും ഇവിടെ കുന്നുകൂടി കിടക്കുകയാണ്. ഇവിടെ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായിമാറിയ സാഹചര്യമാണുള്ളത്. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകു കൂത്താടികള്‍ പെരുകുകയാണ്. നാടുനീളെ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് ഓടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ വളപ്പിലെ വെള്ളക്കെട്ടും സാഹചര്യങ്ങളും കാണാതെ പോകുകയാണ്. എക്സൈസ് ഒാഫീസിലെ പതിനഞ്ചിലേറെ ജീവനക്കാര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.