സെന്റ് ജോസഫ്സ് കോളജില്‍ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈവിധ്യമേറിയ തൊഴിലവസരങ്ങള്‍ ഒരുക്കിക്കൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ചുകൊണ്ട് നടത്തിയ പ്ലേസ്മെന്റ് ഡ്രൈവ് ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ മേഖലയിലെ വിവിധ തൊഴില്‍ സാധ്യതകളിലെത്തിച്ചേരാന് വിദ്യാര്‍ഥിസമൂഹത്തിന് സാധിക്കേണ്ടതുണ്ടെന്നും ഇത്തരം അവസരങ്ങള്‍ അതിന് മുതല്ക്കൂട്ടാകുന്നുണ്ടെന്നും മന്ത്രി പ്രസ്താവിച്ചു. മെയ് 18 ശനിയാഴ്ച്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 3.30 വരെ കോളജ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന പ്രസ്തുത പരിപാടിയില്‍ ഐടി, ബാങ്കിംഗ്, ഫിനാന്‍സ്, ബയോമെഡിക്കല്‍, ഓട്ടോമൊബൈല്‍, ടെക്സ്റ്റയില്‍, ജ്വല്ലറി, എഡ്യു ടെക് തുടങ്ങി വിവിധ മേഖലകളിലുള്ള ഇരുപത്തഞ്ചോളം പ്രശസ്ത സ്ഥാപനങ്ങളാണ് പങ്കെടുത്തത്. അവസാനവര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ ഉള്‍പ്പടെ ബിരുദ-ബിരുദാനന്തരധാരികളായ അഞ്ഞൂറോളം പേര് അഭിമുഖത്തില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, കേരള നോളജ് ഇക്കോണമി മിഷന് ടാലന്റ് ക്യുറേഷന്‍ എക്സിക്യൂട്ടീവുമാരായ കെ.ബി. സുമേഷ്, വി.ആര്. അനിത എന്നിവര്‍ സംസാരിച്ചു.