കോളജ് ജംഗ്ഷന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ -കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ തകര്‍ന്ന് കിടക്കുന്ന ക്രൈസ്റ്റ് കോളജ് ജംഗ്ഷന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധ സമരം നടത്തി. മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണെന്നും അറ്റകുറ്റപ്പണികളുടെ കാര്യത്തില്‍ കെഎസ്ടിപി യും പിഡബ്ല്യുവും വാട്ടര്‍ അതോറിറ്റിയും പരസ്പരം പഴി ചാരുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഒരു കിലോമീറ്റര്‍ ദൂരം പോലും കുഴികള്‍ അടയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. ഉപരോധ സമരം കെപിസിസി മുന്‍ സെക്രട്ടറി എം പി ജാക്സന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുള്‍ ഹഖ് തുടങ്ങിയവര്‍ പങ്കെടുത്തു. സമരത്തെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇരിങ്ങാലക്കുട സി ഐ മനോജ് ഗോപിയുടെ നേതൃത്വത്തില്‍ പോലീസ് ഗതാഗതം നിയന്ത്രിച്ചു.