സെന്റ് ജോസഫ്സ് കോളജില്‍ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സംഘടിപ്പിക്കുന്ന ഋതു പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകനും കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡയറക്ടറുമായ പി.ആര്. ജിജോയ് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഐഎഫ്എഫ്ടി ഡയറക്ടര്‍ ചെറിയാന് ജോസഫ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്, സംവിധായകനും പീച്ചി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ പ്രഭു മെന്‍സ് സന, ചലച്ചിത്രനിരൂപകന്‍ രാജ് നാരായണന്, മലയാളവിഭാഗം അധ്യാപികയും ചലച്ചിത്രമേള സംഘാടകയുമായ ലിറ്റി ചാക്കോ എന്നിവര്‍ സംസാരിച്ചു.
പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷന്, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ചലച്ചിത്ര മേളയില്‍ തുടര്‍ന്ന് ഡോക്യുമെന്റെറികളും ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. സംവിധായകരായ സീന ആന്റണി, പ്രഭു മെന്‍സ് സന, ഷബീര്‍ തുറയ്ക്കല്‍, സജീദ് നടുത്തൊടി തുടങ്ങിയവരുമായി ചര്‍ച്ച നടന്നു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഭാരവാഹിയായ പി.കെ. ഭരതന് മാസ്റ്റര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, കൃഷിഭവന് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുധ ദിലീപ് എന്നിവര്‍ സംവിധായകരെ ആദരിച്ചു.
രഞ്ജിത്ത് മാധവന്റെ ഫൈന്‍ ആര്‍ട് ഫോട്ടോഗ്രഫി പ്രദര്‍ശനം, ഡോ. സന്ദീപ് ദാസിന്റെ കോള്‍ ഓഫ് വൈല്‍ഡ് എന്ന ഫോട്ടോ പ്രദര്‍ശനം, സ്റ്റോണ്‍ ഏജ് ശിലാ പ്രദര്‍ശനം, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്, ബുക്ക് ഫെയര്‍, നാടന്‍ ഭക്ഷണമേള, നാട്ടു കളികള്‍, ഇവേസ്റ്റ് ആര്‍ട്ട്, പ്ലാസ്റ്റിക് വേസ്റ്റ് ആര്‍ട്ട്, റീല്‍ മത്സരം, വണ്‍ ഷോട്ട് സിനിമ മത്സരം, ഫോട്ടോഗ്രഫി മത്സരം, വിത്തു കൊട്ട, വിത്തു പ്രദര്‍ശനം, സസ്യ പ്രദര്‍ശനവും വില്പനയും, മൈക്രോ ഗ്രീന്‍ പ്രദര്‍ശനം, ചൂലുഴിയല് മത്സരം തുടങ്ങി വിവിധ പരിപാടികള്‍ കാമ്പസിന്റെ പല വേദികളിലായി നടന്നു.