റെയില്‍വേ സ്റ്റേഷന് വികസനം; സമരത്തിനൊരുങ്ങി പാസഞ്ചേഴ്സ് അസോസിയേഷന്

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
ഏപ്രില്‍ 12 ന് സര്‍വകക്ഷി സംഗമം
ഇരിങ്ങാലക്കുട: ജനപ്രതിനിധികളുടെയും ഭരണകൂടങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അവഗണനയ്ക്ക് ഇരയായി കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ വികസനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളുടെ മുന്നോടിയായി റെയില്‍വേ പാസ്സഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഗമം നടത്തുന്നു.
ഏപ്രില്‍ 12 ന് 9 മണിക്ക് കല്ലേറ്റുംകര ജംഗ്ഷനില്‍ രാവിലെ 9 മുതല്‍ 8 വരെ ചേരുന്ന സര്‍വകക്ഷി സംഗമം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര് ജോജോ ഉദ്ഘാടനം ചെയ്യും. യാത്രക്കാരുടെയും വരുമാനത്തിന്റെയും കാര്യത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ വികസനം അട്ടിമറിക്കാന്‍ തൃശ്ശൂര്‍ ലോബി ശ്രമിക്കുന്നതായി അസോസിയേഷന് കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ട് എം പി മാരുടെയും പ്രവര്‍ത്തനം റെയില്‍വേ സ്റ്റേഷന് ഗുണം ചെയ്തിട്ടില്ല. ഇപ്പോഴത്തെ എംപി യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്ക് നിരവധി തവണ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയില്‍ അയച്ചിട്ടുണ്ട്. എന്നാല്‍ മറുപടികള്‍ ഇത് വരെ ലഭിച്ചിട്ടില്ല. രണ്ട് തവണ എം പി യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ നേരിട്ട് കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന് പ്രസിഡണ്ട് ഷാജു ജോസഫ്, ട്രഷറര്‍ പി സി സുഭാഷ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
വികസന സമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍
- ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക,
- കോവിഡ് ഘട്ടത്തില്‍ അഞ്ച് വണ്ടികളുടെ നിറുത്തലാക്കിയ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കുക,
- എറനാട്, പാലരുവി ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കുക,
- സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക,
- രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ടീ സ്റ്റാള്‍ ആരംഭിക്കുക,
- ശുചിമുറി, കാന്റീന്, ഭിന്നശേഷിക്കാര്‍ക്ക് റാംപ് സൗകര്യം എന്നിവ ഏര്‍പ്പെടുത്തുക