15 വയസുകാരനു നേരെ പ്രകൃതിവിരുദ്ധ പീഡനം; ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും 13 വര്‍ഷം തടവിനുംശിക്ഷ വിധിച്ചു

സഞ്ജീവ്.
ഇരിങ്ങാലക്കുട: 15 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകള്‍ പ്രകാരം 13 വര്‍ഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട വിമല ഭവനു സമീപം താമസിക്കുന്ന വട്ടപറമ്പില്‍ വീട്ടില്‍ സഞ്ജീവ് (63) നെയാണ് ശിക്ഷിച്ചത്. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് വിവിജ സേതു മോഹന്‍ ആണ് വിധിപ്രസ്താവിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 22 സാക്ഷികളെയും 23 രേഖകളും ഡിഫന്‍സ് ഭാഗത്തുനിന്നും രണ്ടു രേഖകളും കൂടാതെ ഈ കേസിലെ മൊബൈല്‍ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലം കോടതിയില്‍ ഹാജരാക്കി തെളിവ് നല്‍കിയിരുന്നു.
പരിശോധന നടത്തിയ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്റിഫിക് ഓഫീസറെ അധിക സാക്ഷിയായി കോടതി മുമ്പാകെ ഹാജരാക്കി തെളിവ് നല്‍കുകയും കേസിന് ആസ്പദമായ അശ്ലീല വീഡിയോ കോടതി മുമ്പാകെ പ്രദര്ശിപ്പിക്കുകയുംചെയ്തിരുന്നു. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരുന്ന സി.വി. ബിബിന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.പി. ജോയ് അന്വേഷണം നടത്തി കേസിലെ കൃത്യ സ്ഥലം ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ ആണെന്ന് കാണപ്പെട്ടതിന് തുടര്‍ന്ന് കേസ് ഇരിങ്ങാലക്കുട സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.എസ്. സുബിന്ദ് കേസ് റീ രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.ജി. അനൂപ്, ഇന്‍സ്പെക്ടര്‍ പി.ആര്. ബിജോയ് എന്നിവര്‍ അന്വേഷണം നടത്തുകയും ഇന്‍സ്പെക്ടര്‍ എം.ജെ. ജിജൊ അന്വേഷണം പൂര്‍ത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബിജു വാഴക്കാല ഹാജരായി. പ്രോസിക്യൂഷന് നടപടികള്‍ ലൈസന് ഓഫീസര്‍ രജനി ഏകോപിപ്പിച്ചു.