വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം; കൊലപാതകക്കേസിലെ പ്രതിയും കൂട്ടാളികളും അറസ്റ്റില്‍

വിഷ്ണു, അക്ഷയ്, കിരണ്‍, ഹരികൃഷ്ണന്, അഭിജിത്ത്.
കാട്ടൂര്‍: പ്രതികളുടെ സുഹൃത്തുക്കളെ ആക്രമിച്ചതിലുള്ള വൈരാഗ്യത്താല്‍ മാരാകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ കൊലപാതകക്കേസിലെ പ്രതിയും കൂട്ടാളികളും അറസ്റ്റില്‍. കാട്ടൂര്‍ എടത്തിരുത്തി മുനയം സ്വദേശി കൂര്‍ക്കപറമ്പില്‍ വീട്ടില്‍ വിഷ്ണു (27), കാട്ടൂര്‍ കാരാഞ്ചിറ സ്വദേശി കാവുങ്ങല്‍ വീട്ടില്‍ അക്ഷയ് (25), കീഴ്പ്പുള്ളിക്കര സ്വദേശി കിഴക്കോട്ട് വീട്ടില്‍ കിരണ്‍ (25), കാട്ടൂര്‍ തൊപ്പിത്തറ സ്വദേശി ചമ്പക്കര വീട്ടില്‍ ഹരികൃഷ്ണന് (26), കാട്ടൂര്‍ മുനയം സ്വദേശി നന്തിലത്ത് പറമ്പില്‍ വീട്ടില്‍ അഭിജിത്ത് (25) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയുടെ മകന് പ്രതികളുടെ സുഹൃത്തുക്കളെ ആക്രമിച്ചതിലുള്ള വൈരാഗ്യത്താല്‍ കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ രണ്ടു മോട്ടോര്‍ സൈക്കിളിലായി മാരകായുധങ്ങളായ വടിവാള്‍, കമ്പിവടി എന്നിവയുമായി എത്തിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആവലാതിക്കാരിയും മരുമകളും പേരക്കുട്ടിയും കുടുംബമായി താമസിക്കുന്ന കാട്ടൂര്‍ പൊഞ്ഞനത്തുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുയും അസഭ്യം പറയുകയും കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ആവലാതിക്കാരിയെയും മരുമകളെയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതാണ് സംഭവം.
പരാതിക്കാരി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിഷ്ണു വലപ്പാട് പോലീസ് സ്റ്റേഷനില്‍ കൊലപാതക കേസിലും കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസിലും പ്രതിയാണ്. അക്ഷയ് കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കല്‍, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിക്കുക എന്നിങ്ങനെയുള്ള നാല് ക്രിമിനല്‍ കേസിലെ പ്രതിയാണ്.
അഭിജിത്ത് കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള ഒരു കേസിലും ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസിലും പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജു, കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, എസ്ഐ ബാബു, ജിഎസ്സിപിഒ ഇ.എസ്. ജീവന്, സിപിഒ മാരായ കെ.എസ്. ഉമേഷ്, കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.