ഡയപ്പര്‍ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരവുമായി ഇരിങ്ങാലക്കുട നഗരസഭ

ഡയപ്പര്‍ മാലിന്യം ശേഖരിക്കുന്ന സേവന വണ്ടിയുടെ ഫ്ലാഗ് ഒഫ് ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഡയപ്പര്‍ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരവുമായി ഇരിങ്ങാലക്കുട നഗരസഭ. നഗരസഭയും ആക്രി ഏജന്‍സിയും ചേര്‍ന്നാണ് പൊതുജനങ്ങ ളില്‍ നിന്ന് ആപ്പ് വഴി ഡയപ്പര്‍ ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പ്ലേസ്റ്റോറില്‍ നിന്ന് ആക്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതില്‍ വാര്‍ഡ് നമ്പറും വിലാസവും നല്കിയാല് ഏതു ദിവസമാണ് ഡയപ്പര്‍ മാലിന്യം ശേഖരിക്കാന്‍ ബന്ധപ്പെട്ടവര്‍ വീടുകളിലേക്ക് എത്തുക എന്ന വിവരം ലഭിക്കും.
ഒരു കിലോയ്ക്ക് 45 രൂ പയും 12 ശതമാനം ജിഎസ്ടിയുമാണ് ഇതിനായി ഉപഭോക്താക്കള്‍ നല്‍കേണ്ടത്. ഡയപ്പര്‍ മാലിന്യം ശേഖരിക്കുന്ന സേവന വണ്ടിയുടെ ഫ്ലാഗ് ഒഫ് നഗരസഭ ചെയര്‍ പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഈ പ്രവര്‍ത്തനം ചെയ്യുന്നതെന്നും എല്ലാ കൗണ്‍സിലര്‍മാരും അതാത് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് ആക്രി ആപ്പ് ഉപയോഗിച്ച് ഡയപ്പര്‍ സംസ്കരണം നടത്തുന്നതിനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.