ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ സ്ഥാനം വനിതക്ക്
മത്സരത്തിനു മുമ്പേ സ്ഥാനാർഥിയാകാൻ അങ്കം !!
ഇരിങ്ങാലക്കുട: നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം വനിതക്കായി സംവരണം ചെയ്തുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം വന്നതോടെ സീറ്റിനായി വനിതാകേസരികൾ രംഗത്ത് സജീവമായി. മത്സര രംഗത്തു നിന്നും മാറിനിന്നവരാണ് വീണ്ടും സജീവരാഷ്ട്രീയത്തിൽ സജീവമാകുന്നതത്. മുന്‍ ചെയര്പേഴ്സണ്മാരടക്കം സീറ്റിനായി രംഗത്തുണ്ട്. മത്സരവും പാർട്ടി പ്രവർത്തനവും ഉപേക്ഷിച്ചവരാണ് വീണ്ടും പുത്തനുടുപ്പുമിട്ട് വാർഡുകളിൽ പ്രവർത്തനങ്ങൾ തുടങ്ങിയത്. ചെയര്‍പേഴ്സണ്‍ സ്ഥാനം ലക്ഷ്യമിടുന്ന പലരും സ്വന്തം വാര്‍ഡിൽ വിജയിക്കില്ലെന്നറിഞ്ഞ് സുരക്ഷിത വാര്‍ഡുകളില്‍ സീറ്റുറപ്പിക്കുവാനുള്ള തിരക്കിലാണ്. കോൺഗ്രസിലാണ് വനിതാ ഭാരവാഹികളുടെ സജീവസാന്നിധ്യം നിറയുന്നത്. സിപിഎമ്മിൽ വനിതാഭാരവാഹികളെ തേടിപ്പിടിച്ച് കണ്ടെത്തുകയും, ഇനി ജയിച്ചാൽ ചെയർപേഴ്സൺ ആകേണ്ട വ്യക്തികളുടെ ലിസ്റ്റ് തയാറാക്കി മത്സരാർഥികളാക്കാനുള്ള നീക്കവും സജീവമാണ്. എന്നാൽ രംഗത്തുള്ളവരിൽ ആരൊക്കെ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. പലരുടെയും വാർഡുകളിൽ ബൂത്തു യോഗങ്ങൾ പൂർത്തിയാകുമ്പോൾ പലരുടെയും പേരുകൾ വാർഡിൽ നിന്നും വെട്ടിമാറ്റാനുള്ള നീക്കങ്ങളും നടക്കുന്നതായി പരാതിയുണ്ട്.
കഴിഞ്ഞ ദിവസം ഒരു വാർഡിലെ ബൂത്തുയോഗത്തിൽ മുൻ ചെയർപേഴ്സന്റെ പേരു പോലും നിർദേശിക്കുവാൻ ആളുകളുണ്ടായില്ല, അവസാനം അവർ തന്നെ സ്വന്തം പേര് നിർദേശിക്കേണ്ട ഗതികേടിലായി. ഇത്തവണ ചെയർമാൻ സ്ഥാനം വനിതക്കാണെന്നും പരിചയമുള്ള വ്യക്തി ഈ സ്ഥാനത്തേക്കു വരണമെന്നും അതിനാൽ ഞാൻ തന്നെ ഈ വാർഡിൽ നിന്നും മത്സരിക്കുവാൻ നേതൃത്വം താല്പര്യപ്പടുന്നുണ്ടെന്നും പറഞ്ഞാണു തന്റെ പേരു സ്വയം നിർദേശിച്ചത്.
ഇതിനിടയിൽ ഈ യോഗത്തിനു പതിവില്ലാതെ എത്തിയ പലരുടെയും സാന്നിധ്യവും ഉണ്ടായി. കോൺഗ്രസിൽ മുൻ ചെയർപേഴ്സൺമാരായ ബെന്‍സി ഡേവിഡ് സിവിൽ സ്റ്റേഷൻ വാർഡിലും സോണിയ ഗിരി ചേലൂർക്കാവ് വാർഡിലും മേരിക്കുട്ടി ജോയ് മഠത്തിക്കര വാർഡിലും ജനവിധി തേടാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന വാര്‍ഡ് 31 (കാരുകുളങ്ങര) ഇത്തവണയും വനിതാ സംവരണ വാര്‍ഡായതിനാല്‍ സുജ സജീവ് കുമാര്‍ ഈ വാര്‍ഡില്‍ നിന്നായിരിക്കും ജനവിധി തേടുക. എല്‍ഡിഎഫിലാണെങ്കില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംസ്ഥാന വനിതാ ഫെഡ് ചെയര്‍പേഴ്സണും മഹിളാ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. കെ.ആര്. വിജയ എല്‍ഡിഎഫില്‍ നിന്നും ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുവാൻ സാധ്യതയുണ്ട്.