ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാന്‍ കരുത്തരെ അണിനിരത്തി യുഡിഎഫും ഭരണം നിലനിര്‍ത്താന്‍ ഇടതു മുന്നണിയും കരുത്തു തെളിയിക്കുവാന്‍ ബിജെപിയും
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാന്‍ കരുത്തരെ അണിനിരത്തി യുഡിഎഫും ഭരണം നിലനിര്‍ത്താന്‍ ഇടതു മുന്നണിയും കരുത്തു തെളിയിക്കുവാന്‍ ബിജെപിയും രംഗത്തിറങ്ങി. പൊറത്തിശേരി ആസ്ഥാനമായുള്ള ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ നാലു പഞ്ചായത്തുകളാണ്. ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങളുടെ പ്രദേശങ്ങളും രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനും ഉള്‍പ്പെടുന്നതാണു ബ്ലോക്കിന്റെ പരിധി. കരാഞ്ചിറ, കാറളം, തൊട്ടിപ്പാള്‍, പറപ്പൂക്കര, നെല്ലായി, ആലത്തൂര്‍, ആനന്ദപുരം, മുരിയാട്, കാപ്പാറ പുല്ലൂര്‍, കിഴുത്താണി, വെള്ളാനി, കാട്ടൂര്‍ എന്നിങ്ങനെ 13 ബ്ലോക്ക് ഡിവിഷനുകളാണുള്ളത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 ഡിവിഷനില്‍ 12 ഡിവിഷന് വിജയം നേടിയാണു എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. യുഡിഎഫിന് ഒരംഗം മാത്രം. ബ്ലോക്ക് രൂപവത്കരണ കാലം മുതല്‍ ഇടതുമുന്നണിക്കാണു ഭരണം. കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഉള്‍പ്പെടുന്ന ഇടത്തരക്കാരാണു ബ്ലോക്കിന്റെ രാഷ്ട്രീയഗതി നിര്‍ണയിക്കുന്നത്. സമസ്ത മേഖലകളിലും സമഗ്ര വികസനം എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്ഥ്യമാണു ഇടതു മുന്നണിക്കുള്ളത്. കഴിഞ്ഞ 20 വര്‍ഷമായി തരിശിട്ടിരുന്ന കാറളം പഞ്ചായത്തിലെ 174 ഏക്കര്‍ വരുന്ന വെള്ളാനി പുളിയം പാടത്ത് പൊന്കതിര് സമൃദ്ധിയെന്ന പദ്ധതി നടപ്പിലാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 300 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി പുനരാരംഭിക്കാന്‍ കഴിഞ്ഞു. ചെമ്മണ്ട കായല്‍ കടുംകൃഷി സംഘത്തിനു രണ്ടു ട്രാക്ടറും പത്ത് പവര്‍ ട്രില്ലറുകളും ഇക്കാലയളവില്‍ ലഭ്യമാക്കി. മുരിയാട് ഗ്രാമപഞ്ചായത്തിലെ അഞ്ചു പാടശേഖരങ്ങളിലായി കോള്കര്ഷകര്ക്കു അഞ്ചു വെര്‍ട്ടിക്കല്‍ ആക്സിയന്‍ ഫ്ളോ പമ്പ് സെറ്റുകള്‍ സ്ഥാപിച്ചു നല്കി. നെല്‍കൃഷിക്കു കൂലി ചെലവ് സബ്സിഡി ഇനത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി 50 ലക്ഷം രൂപ ചെലവഴിച്ചു. കാട്ടൂര്‍-വെള്ളാനിപ്പാടം പാടശേഖര സമിതിക്കു വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ളോപമ്പ് സെറ്റ് സ്ഥാപിച്ചു നല്കി. വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ളോപമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് 60 ലക്ഷം രൂപ ചെലവഴിച്ചു. ജില്ലയിലെ ഏറ്റവും വലിയ ശീതീകരിച്ച അങ്കണവാടികള്‍ കാറളം പഞ്ചായത്തിലെ വെള്ളാനിയിലും (തളിര്) കാറളത്തും (നന്ദനം) നിര്‍മിച്ചു. എല്ലാ അങ്കണവാടികളിലും ശുദ്ധജലലഭ്യത ഉറപ്പാക്കി. സംസ്ഥാനത്താദ്യമായി എല്ലാ അങ്കണവാടികളിലും അങ്കണത്തൈത്തോട്ടം നിര്‍മിച്ചു. തെരഞ്ഞെടുക്കപ്പെട്ട 30 വനിതകള്‍ക്കു നിര്‍മാണ മേഖലയില്‍ പരിശീലനം നല്‍കുകയും അവര്‍ക്കു പണിയായുധങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്തിലും കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി റാമ്പുകളും ഹാന്‍ഡ് റെയില്‍ സൗകര്യങ്ങളും ഉറപ്പാക്കി. ജില്ലയില്‍ ആദ്യമായി ബ്ലോക്ക് പഞ്ചായത്തില്‍ സമ്പൂര്‍ണ ഭിന്നശേഷി ഡയറക്ടറി തയാറാക്കി. വയോജനങ്ങള്‍ക്ക് കട്ടില്, വയോജന സൗഹൃദ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കി. കാട്ടൂര്‍-കാറളം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, മണലിപ്പാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഇതെല്ലാം ഇടതു ഭരണത്തിന്റെ നേട്ടങ്ങളായാണു ചൂണ്ടികാട്ടുന്നത്. എന്നാല്‍ ഈ നേട്ടങ്ങള്‍ പ്രതിപക്ഷത്തിന്റെയും സഹകരണം കൊണ്ടാണു കൈവരിച്ചതെന്നാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. എല്ലാ ഡിവിഷനുകളിലും മുന്നണികള്‍ തമ്മില്‍ ശക്തമായ പോരാട്ടമാണു നടക്കുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ടുപോയ പല ഡിവിഷനുകളിലും ഇക്കുറി നേട്ടമുണ്ടാക്കുമെന്നാണു യുഡിഎഫ് വിലയിരുത്തുന്നത്. കാട്ടൂരും കാറളവുമടക്കമുള്ള സ്ഥലങ്ങളില്‍ ശക്തമായ പ്രചാരണങ്ങളുമായി ബിജെപി ഇരുമുന്നണികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടു നേടാനാകുമെന്നും സാന്നിധ്യം തെളിയിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.