വിമതരായ മുന്‍ ചെയര്‍പേഴ്സണും ബ്ലോക്ക് അംഗവും നഗരസഭാ കൗണ്‍സിലറും പാര്‍ട്ടിക്കു പുറത്ത്
ഇരിങ്ങാലക്കുട: വിമതരോടു കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു- കടക്കു പുറത്ത്. ഇതോടെ മുന്‍ നഗരസഭാ ചെയര്‍പേഴ്സണും മഹിള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമായ ബെന്‍സി ഡേവിഡും ബ്ലോക്ക് അംഗമായ തോമസ് കോലംങ്കണ്ണിയും മുന്‍ നഗരസഭാ കൗണ്‍സിലര്‍ വാഹിദ ഇസ്മയിലും പാര്‍ട്ടിക്കു പുറത്തായി. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റ് അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വിമതയായി മല്സരിക്കുന്നതുള്പ്പെടെയുള്ള അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണു ബെന്‍സി ഡേവിഡിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഇതോടെ ഇവര്‍ വഹിച്ചിരുന്ന മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളില്‍ നിന്നും നീക്കിയിട്ടുണ്ട്. നഗരസഭാ സിവില്‍ സ്റ്റേഷന് 32-ാം വാര്‍ഡിലാണു ബെന്‍സി ഡേവിഡ് സ്വതന്ത്രയായി മല്‍സരിക്കുന്നത്. മുന്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോലങ്കണ്ണിയെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വേളൂക്കര ആറാം വാര്‍ഡില്‍ നിന്നും ഇത്തവണ ഇടതുപക്ഷ സ്വതന്ത്രനായിട്ടാണു മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ തുമ്പൂര്‍ ഡിവിഷനില്‍ നിന്നും 758 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. മുമ്പ് അവിട്ടത്തൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെ കൂട്ടിപ്പിടിച്ച് മല്സരിച്ചതുള്പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അച്ചടക്ക ലംഘനത്തിന്റെ ഭാഗമാണെന്നു നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറിയും മുന്‍ നഗരസഭാ കൗണ്‍സിലറുമായ വാഹിദ ഇസ്മയിലിനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. കൂടാതെ സ്വതന്ത്രസ്ഥാനാര്‍ഥികളായി മത്സരിക്കുന്ന രമേഷ് പള്ളിച്ചാടത്ത്, ലിഷോണ്‍ ജോസ് കാട്ടഌ സതീഷ് പുളിയത്ത്, വര്‍ഗീസ് എക്കാടന്‍ എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ഇവര്‍ വഹിച്ചിരുന്ന പദവികളും നീക്കം ചെയ്തു. നഗരസഭാ മുന്‍ വൈസ് ചെയര്മാന് സതീഷ് പുളിയത്ത് 24-ാം വാര്‍ഡ് ബസ് സ്റ്റാന്‍ഡിലാണു വിമതനായി മത്സരിക്കുന്നത്. ഇവിടെ സിജു യോഹന്നാനാണു യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. നഗരസഭ വാര്‍ഡ് 12 ബോയ്സ് സ്കൂളില്‍ രമേഷ് പള്ളിച്ചാടത്തും ലിഷോണ്‍ ജോസ് കാട്ടഌും മത്സരിക്കുന്നു. ജോസഫ് ചാക്കോയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വാര്‍ഡ് 28 പൂച്ചക്കുളത്താണു വര്‍ഗീസ് എക്കാടന്‍ മത്സരിക്കുന്നത്. ഇവിടെ കെ.എം. സന്തോഷാണു യുഡിഎഫ് സ്ഥാനാര്‍ഥി.