കണക്കുകൂട്ടലുകളിലാണ് മൂന്നു മുന്നണികളും…… നേട്ടമുണ്ടാക്കുമെന്നു തന്നെയാണ് മുന്നണിനേതാക്കളുടെ വിലയിരുത്തല്‍
നഗരസഭയില്‍ 25 നും 30 നും ഇടയില്‍ സീറ്റുകള്‍ നേടും, അഞ്ച് പഞ്ചായത്തുകളില്‍ ഭരണം നേടും-എം.പി. ജാക്സണ് (കെപിസിസി നിര്‍വാഹക സമിതിയംഗം)
നഗരസഭയില്‍ ഭരണം നേടും. ഏഴു പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്തും- ഉല്ലാസ് കളക്കാട്ട് (സിപിഎം ജില്ലാ കമ്മിറ്റി അംഗം)
ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും വലിയ തോതില്‍ മുന്നേറ്റമുണ്ടാക്കും- കൃപേഷ് ചെമ്മണ്ട (ബിജെപി നിയോജകമണ്ഡലം ചെയര്മാന്)
ഇരിങ്ങാലക്കുട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൂന്നു മുന്നണികളും ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം അല്പം കുറഞ്ഞെങ്കിലും നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഭരണം പിടിക്കാന്‍ കഴിയുമെന്നുമുള്ള ആത്മവിശ്വാസത്തിലാണു മൂന്നു മുന്നണികളും. ഇരിങ്ങാലക്കുട നഗരസഭയില്‍ 2015 ല്‍ 75.51 ശതമാനമായിരുന്നു പോളിംഗ്. എന്നാല്‍ ഇക്കുറി അതല്പം കുറഞ്ഞ് 74.02 ശതമാനമായി. 55190 വോട്ടര്‍മാരുള്ള നഗരസഭയില്‍ 19031 പുരുഷന്മാരും 21821 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. കോവിഡും വോട്ടര്‍പ്പട്ടിക പരിഷ്കരിച്ചതു കാരണവും പലര്‍ക്കും വോട്ട് ചെയ്യാനുള്ള സാഹചര്യം ഇല്ലാതായെന്നും ഇതാണു വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടാകാന്‍ കാരണമായതെന്നും മുന്നണികള്‍ വിലയിരുത്തുന്നു. എങ്കിലും വലിയ തോതില്‍ പോളിംഗ് ശതമാനം കുറയാത്തതു തങ്ങള്‍ക്കു അനുകൂലമായ വിധിയെഴുത്തായിരിക്കും ഉണ്ടാവുകയെന്ന കണക്കുകൂട്ടലിലാണു യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികള്‍. വിജയപ്രതീക്ഷ നല്കുന്നുവെങ്കിലും നഗരസഭയിലെ പല വാര്‍ഡുകളിലും പോളിംഗ് ശതമാനം കുറഞ്ഞതു അടിയൊഴുക്കുകള്‍ക്കുള്ള സാധ്യതയും തള്ളി കളയുന്നില്ല. പല വാര്‍ഡുകളിലും പോളിംഗ് കുറയാനുണ്ടായതിനു പിന്നിലെ കാരണങ്ങള്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടി നേതാക്കളും വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ റിബലുകള്‍ മല്‍സരിക്കുന്ന വാര്‍ഡുകളില്‍ വിജയം പ്രവചനാതീതമാണ്. യുഡിഎഫ് അനുകൂല തരംഗം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വലിയതോതില്‍ ഗുണം ചെയ്യുമെന്നു കെപിസിസി നിര്‍വാഹക സമിതിയംഗം എം.പി. ജാക്സണ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പലയിടത്തും എല്‍ഡിഎഫ് നിഷ്പ്രഭമായ അവസ്ഥയിലാണ്. നഗരസഭയില്‍ 25 നും 30 നും ഇടയില്‍ സീറ്റുകള്‍ നേടി മികച്ച ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുന്നതോടൊപ്പം നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുമെന്നും ജാക്സണ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്തുകയും നഗരസഭാ ഭരണം തിരിച്ചുപിടിക്കുമെന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് പറഞ്ഞു. ഗ്രാമപഞ്ചായത്തുകളിലെ ഭൂരിപക്ഷം ഉയര്‍ത്തും. നഗരസഭയില്‍ എല്‍ഡിഎഫിനു അനുകൂലമായ സ്ഥിതിവിശേഷമാണു ഉള്ളതെന്നും ഉല്ലാസ് കളക്കാട്ട് കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും ഇത്തവണ വലിയ തോതില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാകുമെന്നു ബിജെപി നിയോജകമണ്ഡലം ചെയര്മാന് കൃപേഷ് ചെമ്മണ്ട പറഞ്ഞു. രണ്ടു മുന്നണികളെയും ഞെട്ടിച്ച് അത്ഭുതകരമായ വിജയം ഇത്തവണ നേടുമെന്നും പലയിടത്തും ഭരണം പിടിക്കാന്‍ കഴിയുമെന്നാണു കരുതുന്നതെന്നും കൃപേഷ് ചെമ്മണ്ട പറഞ്ഞു