സത്യപ്രതിജ്ഞാചടങ്ങില്‍ ദേശീയഗാനം ഒഴിവാക്കിയതില്‍ പ്രതിഷേധം
ഇരിങ്ങാലക്കുട: നഗരസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമാപനത്തില്‍ ദേശീയഗാനം ആലപിക്കാതെ പിരിഞ്ഞതില്‍ പ്രതിഷേധം ഉയര്‍ന്നു. മുന്‍ കാലങ്ങളില്‍ സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം ദേശീയഗാനം ആലപിച്ചതിനു ശേഷമാണു അവസാനിപ്പിക്കുന്നത്. എന്നാല്‍ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ ഉടന്‍ കൗണ്‍സില്‍ യോഗം ചേരുമെന്നു അറിയിച്ചു ചടങ്ങ് അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുടയിലെ ജനകീയ നിരീക്ഷണ സമിതി അംഗങ്ങളായിട്ടുള്ള ലിന്റേഷ് ഇരിങ്ങാലക്കുട, സുനില്‍ ആന്റോ ഞാറേക്കാടന്‍, ഹ്യുമാനിസ്റ്റിക് റൈറ്റ് പ്രൊട്ടക്ഷന്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഷാജു വാവക്കാട്ടില്‍ എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് ഹ്യുമാനിസ്റ്റിക് റൈറ്റ് പ്രൊട്ടക്ഷന്‍ അസോസിയേഷന് ആന്‍ഡ് ജനകീയ നിരീക്ഷണസമിതി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനു ഇത്രയേറെ മൂല്യം കല്പിച്ചിട്ടുള്ള ദേശീയഗാനത്തെ നഗരസഭ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും ഒഴിവാക്കിയതു രാജ്യത്തോടും ഭരണഘടനയോടുമുള്ള ഗുരുതരമായ അവഗണനയാണെന്നു പരാതിയില്‍ പറയുന്നു. രാജ്യത്തോടും ഭരണഘടനയോടുമുള്ള ഗുരുതരമായ ഇത്തരത്തിലുള്ള അവഗണനകള്‍ ചെയ്യാതിരിക്കുവാനായി മാതൃകാപരമായിട്ടുള്ള നടപടികള്‍ കൈകൊള്ളുവാന്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ ശ്രദ്ധിക്കപ്പടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നിര്‍ദേശങ്ങളില്‍ ദേശീയ ഗാനം ആലപിക്കണമെന്നു നിര്‍ദേശിച്ചിട്ടില്ലെന്നു വരണാധാകാരി ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ പറഞ്ഞു.