ബ്ലഡ് ക്യാന്‍സര്‍ പിടിപെട്ട യുവാവിന്റെ ഫോട്ടോ വച്ച് ചികിത്സാസഹായത്തിനായി വ്യാജ ബാങ്ക് അക്കൗണ്ട് വഴി പണം സ്വരൂപിച്ചയാള് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ബ്ലഡ് ക്യാന്‍സര്‍ പിടിപെട്ട കാട്ടൂര്‍ സ്വദേശിയായ 25 വയസുകാരനായ യുവാവിന്റെ ഫോട്ടോ വച്ച് ചികിത്സാസഹായത്തിനായി വ്യാജ ബാങ്ക് അക്കൗണ്ട് തുടങ്ങി പണം പിരിച്ചയാലെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം പത്രമുക്ക് കോളനി സ്വദേശിയായ ചേന്നമംഗലത് വീട്ടില്‍ റഫീഖ് (40) ആണ് അറസ്റ്റിലായത്. യുവാവിന്റെ ഫോട്ടോ വച്ച് തന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് സോഷ്യല്‍ മീഡിയ വഴി ഇയാള്‍ മജ്ജ മാറ്റിവക്കല്‍ സര്‍ജറിക്കായി ധനസഹായം ആവശ്യപ്പെടുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരടക്കം ഇയാളുടെ ചതിയില്‍ പെട്ട് പണം അയച്ചുകൊടുത്തിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. മൂന്നുപീടിക സൗത്ത് ഇന്ത്യന്‍ ബാങ്കിലാണ് ഇയാള്‍ അക്കൗണ്ട് തുടങ്ങിയത്. കാന്‍സര്‍ പിടിപെട്ട യുവാവിന്റെ പിതാവ് നല്കിയ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത് .ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നിര്‍ദ്ദേശപ്രകാരം കാട്ടൂര്‍ എസ്ഐ വിവി വിമലും സംഘവും ചേര്‍ന്നാണ് പ്രതിയെ കൈപ്പമംഗലത്തു നിന്ന് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എഎസ്ഐ ഹരിഹരന്, സീനിയര്‍ സിപിഓ പ്രവീണ്‍, ധനേഷ്, സിപിഓ വിജേഷ്, എബിന് വര്‍ഗീസ്, ഡിനില്‍ എന്നിവരുണ്ടായിരുന്നു.