മൃതദേഹം വച്ച് വിലപേശുന്ന ശൈലിയാണ് സിപിഎമ്മിനുള്ളത് -ജോസ് വള്ളൂർ
ഇരിങ്ങാലക്കുട: മൃതശരീരം വിറ്റ് വോട്ടു വാങ്ങുകയെന്നത് സിപിഎം ശൈലിയാണെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ. മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളിലും മറ്റും മൃതശരീരം വിലാപയാത്ര നടത്തി വോട്ടു നേടിയവരാണ് സിപിഎമ്മുകാർ. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോടികൾ ഒഴുക്കിയത് കരുവന്നൂർ ബാങ്കിൽ നിന്നാണ്. ജില്ലയിലെ പല മണ്ഡലങ്ങളിലെയും ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ പണമാണ്. മൃതദേഹത്തേയും മരണപ്പെട്ട ഫിലോമിനയുടെ കുടുംബത്തേയും അപമാനിച്ചത് മന്ത്രി ആർ. ബിന്ദുവാണ്. മരണപ്പെട്ട ഫിലോമിനയുടെ മൃതദേഹം കാണാൻ പോലും ബിന്ദു തയാറായില്ലെന്നു മാത്രമല്ല. മന്ത്രിയുടെ വാക്കുകളിലൂടെ ആ കുടുംബത്തെ വേദനിപ്പിക്കുകയും ചെയ്തു. മരണത്തിൽ ദുഖിച്ചിരിക്കുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാൻ പോലും മന്ത്രി തയാറായില്ല. നുണ പറഞ്ഞതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. കരുവന്നൂർ ബാങ്ക് കേസിൽ ഇപ്പോഴും ജയിലിൽ കഴിയുന്ന ഒന്നാം പ്രതി സുനിൽകുമാറിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ ഏറെ നിർണായകമാണ്. തന്റെ മകൻ നിരപരാധിയാണെന്നും തട്ടിപ്പിന്റെ ഉത്തരരവാദിത്വം സിപിഎം നേതാക്കൾക്കുമാണെന്നുള്ളതാണ്് ആ കമ്യൂണിസ്റ്റുകാരൻ പറഞ്ഞത്. എം.കെ. കണ്ണൻ രൂപീകരിച്ച സഹകരണ സംഘങ്ങളുടെ അവസ്ഥ ഇന്ന് ഏറെ പരിതാപകരമാണ്. കള്ള പണം വെളുപ്പിക്കുന്നതിനും റിസോർട്ടുകൾ പണിയുന്നതിനുമാണ് സിപിഎം നേതാക്കൾ സഹകരണസംഘങ്ങൾ നടത്തുന്നത്. പാവപ്പെട്ടവരുടെ നിക്ഷേപം തട്ടിയെടുക്കുക എന്നുള്ളതാണ് അവരുടെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു.