മന്ത്രിയുടെ ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി ഉപയോഗിച്ച് പോലീസ്

കരുവന്നൂർ ബാങ്ക്; ഫിലോമിനയുടെ മരണത്തിൽ മന്ത്രിയുടെ വിവാദ പ്രസ്താവന
മന്ത്രിയുടെ ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി ഉപയോഗിച്ച് പോലീസ് നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്, ഒരാളുടെ കൈ ഒടിഞ്ഞു
ഇരിങ്ങാലക്കുട: വിദഗ്ധ ചികിത്സക്കായി പണം കിട്ടാതെ കരുവന്നൂർ ബാങ്കിലെ നിക്ഷേപക മരണപ്പെട്ട സംഭവത്തിൽ മന്ത്രി നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഠാണാവിലെ പൂതംകുളം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ആൽത്തറ പരിസരത്ത് വെച്ച് പോലീസ് സംഘം ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. മാർച്ച് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മുൻ കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

മുദ്രാവാക്യങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകളിൽ കയറാനും ഇവ മറികടക്കാനും ശ്രമിച്ചതോടെ പോലീസ് സമരക്കാർക്കെതിരെ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു.

അവിട്ടത്തൂർ സ്വദേശി മുരളീധരന്റെ കൈ ഒടിഞ്ഞു. മുരിയാട് പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത്, വേളൂക്കര വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം ബിബിൻ തുടിയത്ത്, യൂത്ത് കോൺഗ്രസ് പൊറത്തിശേരി മണ്ഡലം സെക്രട്ടറി വിജിത്ത് തോട്ടുവളപ്പിൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ മുൻ കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കർ, ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം, ആളൂർ സിഐ സിബിൻ, സൈബർസെൽ സർക്കിൾ ഇൻസ്പെക്ടർ സുനിൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. ഠാണാ ജംഗ്ഷനിലും ബസ് സ്റ്റാൻഡിലും കനത്ത പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർളി, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ. ശോഭനൻ, സോമൻ ചിറ്റേത്ത്, മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, നഗരസഭാ കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, എം.ആർ. ഷാജു, സുജ സജ്ജീവ് കുമാർ, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ഷാറ്റോ കുര്യൻ, ബാസ്റ്റിൻ ഫ്രാൻസീസ്, ഹൈദ്രോസ്, തോമസ് തൊകലത്ത് എന്നിവർ നേതൃത്വം നൽകി.